കഴിഞ്ഞ ആഴ്ചയാണ് മലയാളത്തിന്റെ യുവനടന്‍ പൃഥ്വിരാജിന് കോവിഡ് ആണെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചത്. കൊച്ചിയില്‍ പുതിയ സിനിമയായ ജനഗണമനയുടെ ചിത്രീകരണം നടന്നു വരികെയായിരുന്നു നടന് കൊവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിരാജിനൊപ്പം സംവിധായകന്‍ ഡിജോയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. പിന്നാലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. സുരാജ് വെഞ്ഞാറമ്മൂടും ഇതിനു പിന്നാലെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് സുരാജ് അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ദിവസങ്ങള്‍ക്കിപ്പുറം പൃഥ്വിരാജിന് കോവിഡ് നെഗറ്റീവായി എന്ന സന്തോഷവാര്‍ത്ത എത്തിയിരിക്കയാണ്. കൊവിഡ് ആന്റിജെന്‍ ടെസ്റ്റിലാണ് നടന്റെ കോവിഡ് ഫലം നെഗറ്റീവായത്. കൊവിഡ് ഫലം നെഗറ്റീവായെങ്കിലും ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഒരിക്കല്‍ കൂടി നിങ്ങള്‍ വര്‍ഷിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കുമെല്ലാം നന്ദിയെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ ചിത്രം അടക്കം താരം ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തനിക്ക് ലക്ഷണങ്ങള്‍ ഒന്നുമില്ലായിരുന്നു എന്നും ഇപ്പോഴും കുഴപ്പമൊന്നും ഇല്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിനാണ് ജന ഗണ മന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഡ്രൈവിങ് ലൈസന്‍സിന് ശേഷം സുരാജ് വെഞ്ഞാറമുടൂം പൃഥ്വിയും ഒരുമിക്കുന്ന ചിത്രമാണിത്. മുന്‍പ് സുരാജിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുമ്പോള്‍ അദ്ദേഹം ജനഗണമനയുടെ ലൊക്കേഷനിലായിരുന്നു. യുവതാരങ്ങളെ അണി നിരത്തി ഒരുക്കിയ ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.