പ്രിയം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ മനസുകളിലേക്ക് കുസൃതിക്കുടുക്കയായി കയറിക്കൂടിയ നടിയാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മഞ്ജിമ പിന്നീട് പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെയാണ് നായികയായി തിരിച്ചു വരവ് നടത്തിയത്. സിനിമാട്ടോഗ്രാഫര്‍ വിപിന്‍ മോഹന്റെ മകള്‍ കൂടിയായ മഞ്ജിമ തമിഴിലും തെലുങ്കിലുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. ഇപ്പോഴിതാ, ഏറെ കാലത്തെ പ്രണയത്തിനു ശേഷം മഞ്ജിമ വിവാഹിതയായിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
മുതിര്‍ന്ന നടന്‍ കാര്‍ത്തിക്കിന്റെ മകനും തമിഴ് യുവതാരവുമായ ഗൗതം കാര്‍ത്തികിനെയാണ് വിവാഹം കഴിച്ചത്. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെ നാളായി മഞ്ജിമയുടെ വിവാഹം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസമാണ് തന്റെ പ്രണയം മഞ്ജിമ വെളിപ്പെടുത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ആണ് മഞ്ജിമയും ഗൗതമും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഒരുമിച്ചുള്ള ചിത്രത്തിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.
എല്ലാം നഷ്ടപ്പെട്ട തന്നിലേക്ക് വന്ന കാവല്‍ മാലാഖ ആണ് ഗൗതം കാര്‍ത്തിക് എന്നാണ് മഞ്ജിമ കുറിച്ചത്. എന്റെ കുറവുകള്‍ അംഗീകരിക്കാനും ഞാനായിരിക്കാനും നീ എന്നെ പഠിപ്പിച്ചു. ഞാന്‍ ആരാണോ അങ്ങനെ തന്നെ നീ എന്നെ സ്നേഹിക്കുന്നു. നീ എപ്പോഴും എനിക്ക് പ്രിയപ്പെട്ട ആളായിരിക്കും എന്നും മഞ്ജിമ കുറിച്ചു. ഗൗതമും മഞ്ജിമയും പ്രണയത്തിലാണെന്ന് നേരത്തെ പല തവണ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. രണ്ട് പേരുടെയും കുടുംബത്തിന്റെ സമ്മത പ്രകാരം ആണ് വിവാഹം. റിസപ്ഷന്‍ ചെന്നൈയിലും ഊട്ടിയിലും നടത്തുമെന്നും വിവരമുണ്ട്.
ദേവരാട്ടം' എന്ന സിനിമയില്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമയും ഒരുമിച്ച് അഭിനയിച്ചിരുന്നു. താനാണ് ആദ്യമായി പ്രണയം പ്രകടിപ്പിച്ചതെന്ന് കാര്‍ത്തിക് പറയുന്നു. ''ഇതൊരു ഗംഭീര പ്രണയകഥയല്ല. ഞാന്‍ ആദ്യം മഞ്ജിമയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. അവളുടെ തീരുമാനം എന്നോട് പറയാന്‍ അവള്‍ രണ്ട് ദിവസമെടുത്തു. ആ രണ്ടു ദിവസം എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു, പക്ഷേ അവള്‍ ഓക്കെ പറഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തില്‍ ഞങ്ങളുടെ കുടുംബങ്ങള്‍ അതീവ സന്തുഷ്ടരാണ്,'' ഗൗതം കാര്‍ത്തിക് പറഞ്ഞു.
പൊതുവെ സ്വകാര്യ കാര്യങ്ങള്‍ മഞ്ജിമ സംസാരിക്കാറില്ല. വിവാഹത്തിന് തീരുമാനമായ ശേഷമാണ് ഗൗതമുമായുള്ള പ്രണയത്തെക്കുറിച്ച് പോലും മഞ്ജിമ സംസാരിച്ചത്. അതേസമയം മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ഗൗതം കാര്‍ത്തിക് തന്റെ അടുത്ത സുഹൃത്ത് ആണെന്ന് മഞ്ജിമ പറഞ്ഞിരുന്നു, തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകന്‍ ആണ് ഗൗതം. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന സിനിമയിലൂടെയാണ് ഗൗതം സിനിമയിലേക്ക് എത്തുന്നത്.
സിമ്പുവിന്റെ ഗ്യാങ്സ്റ്റര്‍ ചിത്രമായ 'പത്ത് തല', '1947 ആഗസ്റ്റ് 16' എന്നിവയാണ് ഗൗതമിന്റെ പുതിയ ചിത്രങ്ങള്‍. വിഷ്ണു വിശാലിന്റെ 'എഫ്‌ഐആറി'ല്‍ ആണ് അവസാനമായി മഞ്ജിമയെ കണ്ടത്. 'ഒക്ടോബര്‍ 31 ലേഡീസ് നൈറ്റ്' ആണ് മഞ്ജിമയുടെ ഏറ്റവും പുതിയ ചിത്രം. മലയാളത്തില്‍ ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മഞ്ജിമ പ്രിയം എന്ന സിനിമയിലുള്‍പ്പെടെ ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍മ്മിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ ആണ് മഞ്ജിമ നായിക നടിയായി മലയാള സിനിമയില്‍ എത്തുന്നത്.
ഇതിന് ശേഷം മലയാളത്തില്‍ കാര്യമായി മഞ്ജിമയെ കണ്ടിട്ടില്ല. അതേസമയം തമിഴ്, തെലുങ്ക് ഭാഷകളില്‍ മഞ്ജിമ തിരക്കുള്ള നായിക നടി ആയി. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ.