അമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം മഹാരാജയുടെ റിലീസ് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി. സിനിമ മതവികാരങ്ങളെ വ്രണപ്പെടുത്തു മെന്ന് കാണിച്ച് ഹിന്ദുവിഭാഗം നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സിനിമ ഹിന്ദുവിഭാഗത്തിനെതിരെ അക്രമം നടത്താന്‍ പ്രേരിപ്പിക്കുന്നു എന്നാണ് ഹര്‍ജിയിലെ ആരോപണം.
സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്ത സിനിമ ആദിത്യ ചോപ്രയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 14ന് നെറ്റ്ഫ്ളിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍, കോടതി ഉത്തരവോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ജൂണ്‍ 18 വരെ കാത്തിരിക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട കേസ് ജൂണ്‍ 18നാണ് ഇനി കോടതി പരിഗണിക്കുക.
കൃഷ്ണ ഭക്തരും പുഷ്ടിമാര്‍ഗ വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികളും സമര്‍പ്പിച്ച ഹരജിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. 1862ലെ മഹാരാജ് അപകീര്‍ത്തിക്കേസിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം പൊതുക്രമത്തെ ബാധിക്കുമെന്നും ഇരു വിഭാ?ഗങ്ങളുടെയും ഹിന്ദുമതത്തിന്റെ അനുയായികള്‍ക്കെതിരെ അക്രമത്തിന് പ്രേരണ നല്‍കുമെന്നുമാണ് ഹരജിയിലെ ആരോപണം.
ട്രെയ്ലറോ പ്രമോഷന്‍ പരിപാടികളോ ഇല്ലാതെ രഹസ്യമായാണ് ചിത്രം റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നത്. ഇത്തരമൊരു സിനിമ റിലീസ് ചെയ്യാന്‍ അനുവദിച്ചാല്‍ തങ്ങളുടെ മതവികാരം വ്രണപ്പെടും. അത് നികത്താനാവാത്ത നഷ്ടമുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു. ഈ വാദങ്ങള്‍ പരിഗണിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് സംഗീത വിശന്‍ സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ജുനൈദ് ഖാനെ കൂടാതെ ജയ്ദീപ് അഹ്ലവത്, ശാലിനി പാണ്ഡെ, ശര്‍വാരി വാഹ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.