Latest News

ദൃശ്യം ഒന്നാം ഭാഗത്തിലെ പോലീസ് സ്‌റ്റേഷന്‍ സെറ്റിടാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് എത്തിയ സിനിമാക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; പരാതിയുമായി പഞ്ചായത്ത്; ഇടപെട്ട് കളക്ടറും

Malayalilife
ദൃശ്യം ഒന്നാം ഭാഗത്തിലെ പോലീസ് സ്‌റ്റേഷന്‍ സെറ്റിടാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് എത്തിയ സിനിമാക്കാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; പരാതിയുമായി പഞ്ചായത്ത്; ഇടപെട്ട് കളക്ടറും

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം 'ദൃശ്യം 2'ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കയാണ്. ഏറെ പ്രതീക്ഷയോടെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. 'ദൃശ്യം' 2013 ഡിസംബറിലായിരുന്നു റിലീസിനെത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മോഹന്‍ലാല്‍, മീന, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു. ബോക്‌സ് ഓഫീസില്‍ നിന്നും 50 കോടിയോളം രൂപ കളക്റ്റ് ചെയ്യാനും ചിത്രത്തിനു സാധിച്ചിരുന്നു. അതിനാല്‍ തന്നെ രണ്ടാം ഭാഗത്തിനും ഏറെ പ്രതീക്ഷ പ്രേക്ഷകര്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ചിത്രത്തിന്റെ ലോക്കേഷന്‍ സ്റ്റില്‍സും വീഡിയോയുമെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തെ തേടി ഒരു വിവാദം എത്തുകയാണ്.

ദൃശ്യം ഒന്നാമത്തെ ഭാഗത്തിലെ പ്രധാന ലൊക്കേഷനായിരുന്നു രാജാക്കാട് പോലീസ് സ്‌റ്റേഷന്‍. ഇത് മനോഹരമായി ഒരുക്കിയ ഒരു സെറ്റായിരുന്നു. സിനിമയില്‍ തന്നെ ഏറെ പ്രധാനപെട്ടതാണ് ഈ സ്റ്റേഷന്‍. എന്നാലിപ്പോള്‍ ഈ ലൊക്കേഷനില്‍ സെറ്റിട്ട ദൃശ്യത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് എട്ടിന്റെ പണി കിട്ടിയിരിക്കയാണ്. പഞ്ചായത്താണ് ഷൂട്ടിങ്ങിനെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. തൊടുപുഴ കുടയത്തൂരില്‍ ദൃശ്യം സിനിമാ സംഘം, സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മിച്ചെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കുടയത്തൂര്‍ കൈപ്പകവലയില്‍ തയ്യാറാക്കുന്ന സെറ്റിനെപ്പറ്റി പരാതി ഉയര്‍ന്നത്. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ലൊക്കേഷന്റെ സെറ്റ് ഇവിടെയായിരുന്നു. ഹരിതകേരളം പദ്ധതിക്ക് കീഴില്‍ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ഭൂമിയില്‍ തൈകള്‍ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്. സംസ്ഥാനത്തെ 1261 പച്ചതുരുത്തുകളില്‍ ഒന്നാണിതെന്നറിയാതെയായിരുന്നു ഇവിടെ സെറ്റിന്റെ പണി തുടങ്ങിയത്. കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനത്തിന് ശേഷം കേരള സര്‍ക്കാര്‍ പച്ചതുരുത്ത് എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇതോടെ കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ  നേതൃത്വത്തില്‍  സ്ഥലത്ത് എത്തിയ ഹരിത മിഷന്‍ പ്രവര്‍ത്തകര്‍ നിര്‍മാണം തടഞ്ഞു.

പരാതി ലഭിച്ചതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് ഇരുപത്തി അയ്യായിരം രൂപയുടെ ബോണ്ടിന്മേല്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം തുടരാന്‍ അനുവദിച്ചിട്ടുണ്ട്. ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിനും ഈ പ്രദേശത്ത് സെറ്റ് ഇട്ടിരുന്നു. അതാണ് ഇക്കുറിയും ഇവിടെ തന്നെ സെറ്റിട്ടത്. അതേസമയം മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത്  നേരത്തെ തന്നെ ചിത്രീകരണ അനുമതി  വാങ്ങിയിരുന്നതായി ദൃശ്യം 2 സിനിമാ സംഘം വ്യക്തമാക്കി. പച്ചതുരുത്ത് നശിപ്പിക്കാതെ  ചിത്രീകരണം തുടരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കയാണ്.

Read more topics: # Drishyam 2,# Drishyam,# Mohanlal,# kudayathoor
Drishyam 2 location in kudayathoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES