കഴിഞ്ഞ 5 വര്‍ഷം കൊണ്ട് മലയാള സിനിമയ്ക്ക് ഗുണകരമായി എന്തൊക്കെ ചെയ്തിട്ടുണ്ട് ഈ അക്കാദമി എന്ന് ചോദിച്ചാല്‍ ഉത്തരം എന്താണ്; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

Malayalilife
 കഴിഞ്ഞ 5 വര്‍ഷം കൊണ്ട് മലയാള സിനിമയ്ക്ക് ഗുണകരമായി എന്തൊക്കെ ചെയ്തിട്ടുണ്ട് ഈ അക്കാദമി എന്ന് ചോദിച്ചാല്‍ ഉത്തരം എന്താണ്; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു

ലച്ചിത്ര അക്കാദമിയെ സമൂഹമാധ്യമങ്ങളിലൂടെ അതി കഠിനമായി വിമർശിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു. ചലച്ചിത്ര മേളകളിലൂടെ 25 വര്‍ഷമായി  ഉയര്‍ത്തിക്കൊണ്ടുവന്ന സിനിമാ സാക്ഷരത നിലവാരമുള്ള ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ഇല്ലാതാക്കി എന്നുമാണ് ഇപ്പോൾ  ഡോ. ബിജു ആരോപണം ഉയർത്തുന്നത്. അദ്ദേഹം തന്റെ  ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു  വിമര്‍ശനം ഉയർത്തിയത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, 

ഷാജി എന്‍ കരുണ്‍ സാര്‍ പറയുന്നതില്‍ ഒട്ടേറെ വസ്തുത ഉണ്ട്. ചലച്ചിത്ര അക്കാദമി ഒരു സ്വജന പക്ഷപാത അക്കാദമി ആയാണ് പ്രവര്‍ത്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങളെ ഇത്ര മേല്‍ അട്ടിമറിച്ച മറ്റൊരു അക്കാദമി നേതൃത്വം ഉണ്ടായിട്ടില്ല. 25 വര്‍ഷമായി കേരള ചലച്ചിത്ര മേള ഉയര്‍ത്തിക്കൊണ്ടു വന്ന സിനിമാ സാക്ഷരതയെ ഇല്ലായ്മ ചെയ്തത് ഈ അക്കാദമി നേതൃത്വം ആണ്. ചലച്ചിത്ര മേളയും സ്റ്റേറ്റ് അവാര്‍ഡ് വിതരണവും ഒക്കെ ചാനല്‍ ഷോകള്‍ പോലെ ഗ്ലാമര്‍ ഷോകളാണ് എന്ന ഒരു ധാരണയില്‍ ഇതിന്റെ ഒക്കെ ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിച്ച ഒരു അക്കാദമി നേതൃത്വം ആണ് ഇത്തവണത്തേത്.

5 വര്‍ഷം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളയെയും ചലച്ചിത്ര അക്കാദമിയെ തന്നെയും 25 വര്‍ഷം പിന്നോട്ടു നടത്തിയ ഒരു അക്കാദമി. ചരിത്രത്തില്‍ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകള്‍ക്ക് പകരം മന്ത്രിമാരുടെ മുഖം വച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോര്‍ഡുകളും സ്ഥാപിച്ച് രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വം ആണ്. ഇതിനു മുന്‍പുള്ള ഒരു അക്കാദമി നേതൃത്വവും മന്ത്രിമാരുടെ ഫോട്ടോ വച്ചു ഫെസ്റ്റിവല്‍ ഹോര്‍ഡിങ്ങുകള്‍ ഉയര്‍ത്തിയിരുന്നില്ല.

ഗോദാര്‍ദും കുറസോവയും സത്യജിത് റായിയും ഒക്കെ ഇടം പിടിച്ചിരുന്ന ഫെസ്റ്റിവല്‍ ബോര്‍ഡുകള്‍ മാറി മന്ത്രിമാരുടെ മുഖം കൊണ്ട് വന്നതിലൂടെ തന്നെ അക്കാദമി തുടക്കത്തിലേ നയം വ്യക്തമാക്കി. തുടര്‍ന്ന് രാജ്യാന്തര മേളയെ കേവല രാഷ്ട്രീയത്തിന്റെയും മുഖ്യധാരാ സിനിമാ ഗ്ലാമറിന്റെയും തൊഴുത്തില്‍ കൊണ്ടു കെട്ടി എന്നതാണ് ഈ അക്കാദമി മേളയോട് ചെയ്ത പാതകം. സ്വതന്ത്ര സിനിമകളെയും സ്വതന്ത്ര സിനിമാ സംവിധായകരെയും അകറ്റി നിര്‍ത്തുകയും പകരം അക്കാദമി മുഖ്യധാരാ എന്റര്‍ടെയ്ന്‍മെന്റ് സിനിമാ വ്യക്താക്കളുടെ ഇടം ആക്കി മാറ്റുകയും ചെയ്തു. ജീവിതത്തില്‍ ഇന്നുവരെ ചലച്ചിത്ര മേളയുടെ പടി കയറിയിട്ടില്ലാത്ത 80 കളിലെ മുഘ്യധാരാ സിനിമാ സങ്കല്പം ഉള്ള ആളുകളെ ഒക്കെ അന്താരാഷ്ട്ര മേളയില്‍ സിനിമ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍മാര്‍ ആക്കുക എന്ന തമാശ ഒക്കെ നിരന്തരം ആവര്‍ത്തിക്കുക ആയിരുന്നു ഈ അക്കാദമി.

സ്ഥിരം ചില കോക്കസ് ജൂറി അംഗങ്ങള്‍, മേളകളില്‍ ക്ഷണിച്ചു വരുത്തുന്ന ചില സ്ഥിരം തല്‍പ്പര കക്ഷികള്‍, നിക്ഷിപ്ത താല്പര്യമുള്ള സ്ഥിരം ഫിലിം കുറേറ്റര്‍മാര്‍, യാതൊരു ഗുണവും ഇല്ലാത്ത ചില മൂന്നാം കിട ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലുകളുടെ പ്രോഗ്രാമര്‍മാരുടെ സ്ഥിരം മുഖങ്ങള്‍, സ്ഥിരം ചില ക്രിട്ടിക്കുകള്‍, മുംബൈ ജിയോ മാമി കോര്‍പ്പറേറ്റ് മേളയുടെ ക്ഷണിതാക്കളുടെ മിനിയേച്ചര്‍. ഫിലിം മാര്‍ക്കറ്റ് മലയാള സിനിമകളുടെ കേരള പ്രീമിയര്‍ തുടങ്ങിയ ആവശ്യങ്ങളുടെ അട്ടിമറിക്കല്‍ തുടങ്ങി വ്യക്തിതാത്പര്യങ്ങളുടെ കഥകള്‍ പറയാനാണെങ്കില്‍ ഒത്തിരി ഉണ്ട്. വിശദമായ ഒരു ലേഖനം തന്നെ എഴുതാന്‍ മാത്രം വിശദമായ കഥകള്‍, വ്യക്തമായ കണക്കുകളോടെ ഉടന്‍ എഴുതാം.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് മലയാള സിനിമയ്ക്ക് ഗുണകരമായി എന്തൊക്കെ ചെയ്തിട്ടുണ്ട് ഈ അക്കാദമി എന്ന് ചോദിച്ചാല്‍ ഉത്തരം എന്താണ്. ഷാജി എന്‍ കരുണിനെപോലെ ദേശീയ അന്തര്‍ ദേശീയ പ്രശസ്തനായ ഒരു ഫിലിം മേക്കറെ അപമാനിക്കാന്‍ ഈ അക്കാദമിക്ക് പ്രത്യേകിച്ചു മടി ഉണ്ടാകില്ല. കാരണം അക്കാദമി നേതൃത്വത്തിന് എ എം എം എ താര സംഘടനയുടെ പോലത്തെ ഒക്കെ ഒരു നിലവാരവും കാഴ്ചപ്പാടുമെ ഉള്ളൂ എന്നത് കൊണ്ടാണ് അത്. സലിം കുമാറിനോടുള്ള സമീപനവും ഇത് തന്നെയാണ്. കേരള ചലച്ചിത്ര അക്കാദമിയെ 25 വര്‍ഷം പിന്നോട്ട് കൊണ്ടുപോവുകയും കലാപരമായ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയമായി വേര്‍തിരിക്കുകയും 25 വര്‍ഷമായി ഉണ്ടാക്കിയെടുത്ത ചലച്ചിത്ര സംസ്‌കാരത്തെ മുഖ്യധാരാ സങ്കല്പത്തിലേക്കും താര പ്രമാദിത്വത്തിലേക്കും കൂട്ടിക്കെട്ടുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും സംസ്ഥാന അവാര്‍ഡ് വിതരണത്തെയും ടെലിവിഷന്‍ ഗ്ലാമര്‍ ഷോ യുടെ നിലവാരത്തിലേക്ക് കൊണ്ടു തള്ളുകയും ചെയ്ത ഒരു അക്കാദമി എന്ന നിലയില്‍ ഈ അക്കാദമി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

Read more topics: # Director Dr biju,# words about IFFK
Director Dr biju words about IFFK

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES