വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. തന്റെ മാനസിക നില തകരാറില്‍ ആണെന്നും, ഞാന്‍ മദ്യപിക്കുന്നത് കൊണ്ടാണ് എന്നെ മര്‍ദ്ദിക്കേണ്ടി വന്നത് എന്നും അയാള്‍ എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുകയാണ്. ഇന്‍സ്റ്റായിലാണ് സുചിത്ര കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. 'എന്റെ മാനസിക നില തകരാറിലായതു കൊണ്ടാണ് എന്നെ ഇങ്ങനെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കലും മദ്യപിക്കാത്ത എന്റെ മദ്യപാനശീലം കാരണമാണ് അദ്ദേഹത്തിന് എന്നെ അടിക്കേണ്ടിവരുന്നതെന്ന് അയല്‍വാസികളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. എന്റെ ശരീരം വില്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആത്യന്തിക ലക്ഷ്യം.
അവസാന കാലത്ത് വൈകല്യങ്ങള്‍ വരുത്തി ഒരു ആത്മീയ ഗുരുവായി മാറ്റാനും അവര്‍ തീരുമാനിച്ചിരുന്നു', സുചിത്ര കുറിച്ചു. അദ്ദേഹവും ബന്ധുക്കളും തമ്മില്‍ അയച്ച ഇമെയിലുകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും സുചിത്ര പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇതു പോലെയുള്ള വേറെയും കുടുംബങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഗായിക നല്‍കി. നേരത്തെയും ഷണ്‍മുഖനെതിരെ സുചിത്ര രംഗത്ത് വന്നിരുന്നു. ഷണ്‍മുഖരാജിനെതിരെ ഗാര്‍ഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറല്‍ തുടങ്ങിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. ഷണ്‍മുഖരാജ് തന്നെ തല്ലുകയും ബൂട്ടിട്ട് ചവിട്ടിയെന്നുമാണ് സുചിത്ര ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സുചിത്രയുടെ ആരോപണം.
''സുചി ലീക്ക്സിന് ശേഷം അതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാന്‍ കരുതി. പക്ഷെ അത് സംഭവിച്ചു. ഞാന്‍ പ്രണയത്തിലായി. എനിക്ക് പലതവണ മര്‍ദ്ദനമേറ്റു. ഡബ്ല്യുഡബ്ല്യുഎഫ് ഗുസ്തിക്കാരനെപ്പോലെ അയാള്‍ ബുട്ട്സിട്ട് എന്നെ ചവിട്ടി. ഞാന്‍ മൂലയ്ക്കിരുന്ന് കരഞ്ഞു കൊണ്ട് മര്‍ദ്ദിക്കുന്നത് നിര്‍ത്താന്‍ യാചിക്കുകയായിരുന്നു'' എന്നാണ് സുചിത്ര പറയുന്നത്. ''ആദ്യ ഭാര്യ കാരണം അയാള്‍ തകര്‍ന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ അയാള്‍ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാന്‍ പിന്നീട് കണ്ടെത്തി. അയാളുടെ ആദ്യത്തെ ഭാര്യ എന്റെയടുത്ത് വന്ന് അയാളെ ഞാന്‍ തിരിച്ചെടുക്കണമെന്ന് യാചിക്കുക വരെയുണ്ടായി'' എന്നും സുചിത്ര പറയുന്നു. തന്റെ മുഴുവന്‍ പണവും അയാള്‍ കൊണ്ടുപോയെന്നും സുചിത്ര പറയുന്നുണ്ട്.
''ഞാന്‍ അയാളെ ശരിയ്ക്കും പ്രണയിച്ചിരുന്നു. അല്ലെങ്കില്‍ ഒരു രൂപ പോലും അയാള്‍ക്ക് കൊടുക്കുമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ പോവുകയാണ്. ഓരോ പൈസയും തിരികെ നല്‍കുന്നത് വരെ ഞാന്‍ അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും'' എന്നാണ് സുചിത്ര പറയുന്നത്. ഷണ്‍മുഖരാജ് ചെന്നൈയിലെ വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയെന്നും പുതിയ ജോലി കിട്ടിയതിനെ തുടര്‍ന്ന് താന്‍ ഏതാനും മാസങ്ങള്‍ മുമ്പ് മുംബൈയിലേക്ക് താമസം മാറിയെന്നും സുചിത്ര പറയുന്നു. ഷണ്‍മുഖരാജിന്റെ ചിത്രവും ഗായിക പങ്കുവച്ചിട്ടുണ്ട്. അതേസമയം തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാക്കിയിരിക്കുകയാണ് താരം.