ദിലീപിന്റെ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമൊക്കെ സോഷ്യല്മീഡിയയയില് ലഭിക്കുന്ന സ്വീകരണവും ഏറെയാണ്. ഇപ്പോളിതാ ദീലിപ് പുതിയ ചിത്രമായ വോയ്സ് ഓഫ് സത്യനാഥന്റെ പ്രോമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ നടത്തിയ വീട്ട് വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്.കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ ആണ് വിശേഷങ്ങള്‍ പങ്ക് വച്ചത്.
മഹാലക്ഷ്മി യുകെജിയില്‍ ചേര്‍ന്നെന്നും ചെന്നൈയില്‍ ആണ് പഠനമെന്നും ദിലീപ് പറഞ്ഞു. '''മഹാലക്ഷ്മി ഭയങ്കര കാന്താരി ആണ്. രണ്ടു ദിവസം ഷൂട്ട് ഒക്കെ കഴിഞ്ഞ് ലേറ്റ് ആയിട്ടാണ് ഞാന്‍ ഉറങ്ങിയത്. അവള് യുകെജിയില്‍ ആണ് പഠിക്കുന്നത്. സ്കൂളില്‍ പോകുന്നതിനു മുന്‍പേ വിളിച്ചിട്ടുണ്ടാരുന്നു ഞാന്‍ ഫോണ്‍ എടുത്തിട്ടില്ല. ഞാന്‍ ഫോണില്‍ നോക്കുമ്പോ ഒരു വോയ്സ് നോട്ട് അയച്ചേക്കുന്നു. ''അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണ്‍ എടുത്തില്ല, ഞാന്‍ പോവാ.'' അത് കഴിഞ്ഞു കാവ്യയോട് പറഞ്ഞത്രേ ''ഇനി അച്ഛന് വിളിക്കും നമ്മള് എടുക്കരുത്, അത്രേ നമുക്ക് ചെയ്യാന്‍ പറ്റുള്ളൂ.''
അവള് പഠിക്കുന്നത് ചെന്നൈയില്‍ ആണ്. കാവ്യയും മഹാലക്ഷ്മിയും ചെന്നൈയില്‍ ആണ്. അവള് തന്നെ അവളെ വിളിക്കുന്നത് മാമാട്ടി എന്നാണ്. മഹാലക്ഷ്മി എന്ന പേര് പറയാന്‍ പറ്റാത്തതുകൊണ്ട് എന്ത് പേര് വിളിക്കും എന്നൊരു കണ്ഫ്യൂഷന് ഉണ്ടായിരുന്നു. മോളുടെ പേരെന്താ എന്നു ചോദിച്ചാല്‍ മഹാലക്ഷ്മി എന്നു പറയണം എന്നൊക്കെ പഠിപ്പിച്ചിരുന്നു. അങ്ങനെ പറഞ്ഞു പറഞ്ഞ് അത് മാമാട്ടിയായി. മൂത്തമകള്‍ മീനൂട്ടിയും മഹാലക്ഷ്മിയും ചെറുപ്പത്തിലേ ഫോട്ടോയില്‍ കാണാന്‍ ഒരേപോലെയാണ്. അവര്‍ രണ്ടും തമ്മില്‍ നല്ല ബോണ്ട് ആണ്.'' ദിലീപ് പറയുന്നു.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍, ടു കണ്ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന ചിത്രമാണ് ' വോയ്സ് ഓഫ് സത്യനാഥന്'. ജോജു ജോര്‍ജ്ജും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. അതോടൊപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലെ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്ദ്ദനന്, ബോബന് സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരും വേഷമിടുന്നു. കൂടാതെ അനുശ്രീ അതിഥിതാരമായി എത്തുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന് ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന് റാഫി തന്നെയാണ്.