സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവമായിരുന്നു നടന് ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം.രൂപാലി ബറുവുമായിട്ടുള്ള അറുപതുകാരനായ ആശിഷിന്റെ പുനര്‍ വിവാഹം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ഇതിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കുപ്രചാരണങ്ങള്‍ക്കെല്ലാം വിരാമം ഇട്ടുകൊണ്ട് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യ രജോഷി ബറുവയും വിവാഹത്തെക്കുറിച്ച് പറഞ്ഞ് നടന് ആശിഷും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍ വിവാഹവുമായി ബന്ധപ്പെട്ട വ്യാഖ്യാനങ്ങളെല്ലാം വാസ്തവവിരുദ്ധം ആണെന്നാണ് രജോഷി വ്യക്തമാക്കിയത്. ആശിഷുമായുള്ള ബന്ധം വേര്‍പെടുത്തിയ കാര്യങ്ങള്‍ എല്ലാം ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് രജോഷി തുറന്നുപറഞ്ഞത്. ആശിഷ് ഒരിക്കലും തന്നോട് വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നും വീണ്ടും വിവാഹിതനാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ആളുകള്‍ വിചാരിച്ചാല്‍പോലും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് രജോഷി ബറുവ വെളിപ്പെടുത്തി.
2022 ലാണ് രാജോഷിയും ആശിഷും തമ്മില്‍ ബന്ധം വേര്‍പ്പെടുത്തുന്നത്. പരസ്പര സമ്മതപ്രകാരമായിരുന്നു ഇത്. ഇരുവരും ഒരുമിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇരുവരും രണ്ട് ഭാവിയാണ് മുന്നില്‍ കണ്ടതെന്നും അത് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ സ്വന്തം വഴി തെരഞ്ഞെടുത്തു എന്നും രാജോഷി വ്യക്തമാക്കി. ഇരുവരും പിരിഞ്ഞെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി തുടരാന്‍ ആഗ്രഹിക്കുന്നു എന്നും, ആശിഷിന്റെ മനസ്സില്‍ തന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഇവര്‍ വ്യക്തമാക്കി.
ആശിഷിന്റെ വിവാഹത്തിന് പിന്നാലെ ആദ്യ ഭാര്യ പങ്ക് വച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ചര്‍ച്ചയായിരുന്നു.''ജീവിതത്തിലെ ശരിയായ ആള്, നിങ്ങള്‍ അവര്‍ക്ക് എത്രത്തോളം വേണ്ടപ്പെട്ടതാണെന്ന കാര്യത്തില്‍ നിങ്ങളെ ചോദ്യം ചെയ്യില്ല. നിങ്ങള്‍ക്ക് വേദനിക്കുമെന്ന് അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യില്ല. അത് ഓര്‍ക്കുക. എന്നതാണ് ആദ്യ പോസ്റ്ര് . അമിത ചിന്തയുടെ കാരണങ്ങള്‍ ഇല്ലാതാക്കി ജീവിതത്തില്‍ സമാധാനവും ശാന്തതയും കണ്ടെത്തുന്നതിനെക്കുറിച്ചാണ് രണ്ടാമത്തെ പോസ്റ്റ്. അമിതചിന്തയും സംശയവും മനസില്‍ നിന്നു പുറത്തുപോകട്ടെ. ആശയക്കുഴപ്പത്തിനു പകരം വ്യക്തത വരട്ടെ. സമാധാനവും ശാന്തതയും നിങ്ങളുടെ ജീവിതത്തില്‍ നിറയട്ടെ. നിങ്ങള്‍ ശക്തനാണ്. നിങ്ങളുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങേണ്ട സമയമാണിത്. നിങ്ങള്‍ അത് അര്‍ഹിക്കുന്നു. രജോഷിയുടെ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു. ഈ പോസ്റ്റുകളായിരുന്നു ചര്‍ച്ചയായി മാറിയത്.
ബംഗാളി നടി ശകുന്തള ബറുവയുടെ മകളാണ് രജോഷി. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്ത് സജീവമായ രജോഷി ബറുവയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആശിഷ് വിവാഹമോചനം നേടിയിരുന്നു. 23 കാരനായ അര്ത്ത് വിദ്യാര്‍ത്ഥി മകനാണ്.
ഹിന്ദി, തെലുങ്ക്, തമിഴ്, കടന്ന, മലയാളം സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ആശിഷ് വിദ്യാര്‍ത്ഥി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചെസ് എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത് ഡാഡി കൂള്‍, ബാച്ചിലര്‍ പാര്‍ട്ടി, സി.ഐ.ഡി മൂസ, ഉറിയാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഗുവാഹാത്തിയിലെ മുന്തിയ കൈത്തറി വസ്ത്ര വ്യാപാരശാലയുടെ അമരക്കാരിയാണ് ആശിഷ് രണ്ടാമത് വിവാഹം കഴിച്ച രുപാലി. രുപാലിയുടെയും രണ്ടാം വിവാഹമാണ്. കൊല്‍ക്കത്തയില്‍ താമസമാക്കിയ ആളാണ് രുപാലി. ട്രാവല്‍ വ്ളോഗ് ചെയ്യുന്നതിന് ആശിഷ് ഈ നഗരത്തില്‍ വരാറുണ്ടായിരുന്നു.അങ്ങനെ ഉണ്ടായ സൗഹൃദം പ്രണയമായി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രുപാലിയെ വിവാഹം കഴിച്ചത് വല്ലാത്ത അനുഭവമാണെന്ന് ആശിഷ് പറയുന്നു.
രൂപാലിയുമായുള്ള വിവാഹത്തെ കുറിച്ച് ആശിഷ് സംസാരിക്കുന്ന ഒരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുന്‍ ഭാര്യ പൈലു വിദ്യാര്‍ത്ഥിയുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമായാണ് അവസാനിച്ചതെന്നും ആശിഷ് വീഡിയോയില്‍ പറയുന്നു.
'നമ്മുടെ ഓരോരുത്തരുടെയും ജീവിതവും വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ വെല്ലുവിളികള്‍, വ്യത്യസ്ത പശ്ചാത്തലങ്ങള്‍, വിദ്യാഭ്യാസം, വ്യത്യസ്ത ചിന്താരീതികള്‍ ഒക്കെയുണ്ട്. ഓരോരുത്തരുടെയും തൊഴിലുകള്‍ വ്യത്യസ്തമാണ്. നാമെല്ലാവരും വ്യത്യസ്ത സാമൂഹിക തലങ്ങളില്‍ നിന്നും വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും മതങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നുമുള്ളവരാണ്, എന്നാല്‍ പൊതുവായ ഒരു കാര്യം, നാമെല്ലാവരും സന്തോഷവാനായിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ്.
ആദ്യ ഭാര്യ പൈലുവുമായുള്ള 22 വര്‍ഷത്തെ ബന്ധം കഴിഞ്ഞ രണ്ട് വര്‍ഷമായി വഷളായിരുന്നുവെന്നും അതിനുശേഷം തമ്മില്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആശിഷ് കൂട്ടിച്ചേര്‍ത്തു. '22 വര്‍ഷം മുമ്പ് പൈലുവും ഞാനും കണ്ടുമുട്ടി, ഞങ്ങള്‍ വിവാഹിതരായി. അത് അത്ഭുതകരമായ ഒന്നായിരുന്നു. ഞങ്ങള്‍ക്ക് ഇപ്പോള്‍ 22 വയസ്സുള്ള മകനുണ്ട് (ആര്‍ത്ത്), അവന് ജോലി ചെയ്യുന്നു. എന്നാല്‍ എങ്ങനെയോ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കിയ മനോഹരമായ ഒരു ഇന്നിംഗ്സിന് ശേഷം, ഞങ്ങളുടെ ഭാവി പരസ്പരം വ്യത്യസ്തമാണെന്ന് പിലൂവും ഞാനും കണ്ടെത്തി.''
ഞങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചപ്പോള്‍, വ്യത്യാസങ്ങള്‍ പരിഹരിക്കാനാകുമെന്നും എന്നാല്‍ അത് രണ്ടുപേരില്‍ ഒരാള്‍ മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും സന്തോഷത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന വിധത്തിലാകാമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കി. സന്തോഷമാണ് നമുക്കെല്ലാവര്‍ക്കും വേണ്ടത്, അല്ലേ? അതിനാല്‍ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. നമുക്ക് ഒരുമിച്ച് സൗഹൃദപരമായി മുന്നോട്ട് നടക്കാന്‍ കഴിയുന്നില്ലെങ്കില്‍, നമുക്ക് വേറിട്ട് നടക്കാം. പക്ഷേ സൗഹാര്‍ദ്ദപരമായി തുടരാം, സൗഹൃദത്തോടെയാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ആശിഷ് പറയുന്നു.
എനിക്ക് ആരുടെയെങ്കിലും കൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമുള്ളതിനാല്‍ വീണ്ടും വിവാഹം കഴിക്കണമെന്നു തോന്നി. എനിക്ക് അപ്പോള്‍ പ്രായം 55 വയസ്സായിരുന്നു, എനിക്ക് ആരെയെങ്കിലും വിവാഹം കഴിക്കണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴാണ് ഞാന്‍ രൂപാലി ബറുവയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ ചാറ്റ് ചെയ്തു, ഒരു വര്‍ഷം മുമ്പ് ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ പരസ്പരം രസകരമായ കാര്യങ്ങള്‍ കണ്ടെത്തി, ഭാര്യാഭര്ത്താക്കന്മാരായി ഒരുമിച്ച് നടക്കാമെന്ന് ഞങ്ങള്‍ കരുതി, അതിനാല്‍ ഞാനും രൂപാലിയും വിവാഹിതരായി. അവള്‍ക്ക് 50, എനിക്ക് 57, 60 അല്ല. പക്ഷേ എന്റെ സുഹൃത്തിന് പ്രായം പ്രശ്നമല്ല. പ്രായഭേദമന്യേ നമുക്കോരോരുത്തര്‍ക്കും സന്തോഷിക്കാം,'' ആശിഷ് കൂട്ടിച്ചേര്‍ത്തു.
നമുക്ക് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കാം. ആളുകള്‍ അവരുടെ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഓരോരുത്തരും വ്യത്യസ്തരാണ്, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി സന്തോഷവാനായിരിക്കാന്‍ അവര്‍ക്കു കഴിയട്ടെ, ആ ജീവിതങ്ങളെ നമുക്ക് ബഹുമാനിക്കാം. എന്ന് പറഞ്ഞുകൊണ്ടാണ് ആശിഷ് വിദ്യാര്‍ഥി അവസാനിപ്പിച്ചത്.