രാജ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദപ്രതിവാദങ്ങള്‍ പുറത്തുവരുന്നുണ്ട്. . ഇതിനിടെ തന്റെ പുതിയ ചിത്രത്തില്‍ പേര് മാറ്റത്തിലൂടെ ഈ വാദങ്ങളില്‍ പങ്കാളിയാകുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറും.
'മിഷന്‍ റാണിഗഞ്ജ്: ദി ഗ്രേറ്റ് ഇന്ത്യന്‍ റെസ്‌ക്യൂ' എന്ന ചിത്രത്തിന്റെ പേര് 'മിഷന്‍ റാണിഗഞ്ജ്: ദി ഗ്രേറ്റ് ഭാരത് റെസ്‌ക്യൂ' എന്നാണ് മാറ്റിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. രാജ്യത്തിന്റെ പേര് വരാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭാരത് എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ നീക്കമുണ്ടാകുമെന്ന വിവിധ കേന്ദ്രങ്ങളിലെ ചര്‍ച്ചകള്‍ ഉയരുമ്പോഴാണ് അക്ഷയ് തന്റെ ചിത്രത്തിന്റെ ടാഗ്ലൈനില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
1989ല്‍ റാണിഗഞ്ജില്‍ 350 അടി താഴ്ചയില്‍ കല്‍ക്കരിഖനിയില്‍ അകപ്പെട്ടവരെ രക്ഷിച്ച എഞ്ചിനീയറായ ജസ്വന്ത് സിംഗ് ഗില്ലിന്റെ ധീരമായ പ്രവൃത്തിയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം പരിണീതി ചോപ്ര, കുമുദ് മിശ്ര, പവന്‍ മല്‍ഹോത്ര, രവി കിഷന്‍ തുടങ്ങി വന്‍ താരനിരതന്നെയുണ്ട്. ചിത്രത്തിന്റെ ടീസര്‍ നാളെ പുറത്തിറങ്ങും. ഒക്ടോബര്‍ ആറിനാണ് റിലീസ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേര് ഭാരത് എന്നാക്കണമെന്ന് മുന്‍ താരം വീരേന്ദര്‍ സേവാഗ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ എന്ന പേര് മാറ്റണമെന്ന് താന്‍ രണ്ടുവര്‍ഷം മുന്‍പ് ആവശ്യപ്പെട്ടിരുന്നതായി നടി കങ്കണ റണൗട്ടും എക്സിലൂടെ പ്രതികരിച്ചിരുന്നു