1980 കളിൽ മലയാളം, തമിഴ് ഭാഷാചിത്രങ്ങളിൽ സജീവമായിരുന്ന ഒരു നടിയാണ് ശാന്തികൃഷ്ണ. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചുവന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു് സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ വലിയ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ശാന്തി കൃഷ്ണ പഴയ കാലത്തില്‍ നിന്നും പുതിയ കാലത്തിലേക്ക് എത്തിയപ്പോഴുണ്ടായ സിനിമയിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
വലിയ ഒരിടവേളയ്ക്ക് ശേഷം സിനിമ ചെയ്തപ്പോള്‍ ഏറ്റവും വലിയ മാറ്റം കണ്ടത് ടെക്നോളജിയിലെ മാറ്റമാണ്. പണ്ടൊക്കെ അഭിനയിക്കുമ്പോള്‍ ക്യാമറയുടെ തൊട്ടപ്പുറത്താണ് സംവിധായകനൊക്കെ നില്ക്കുന്നതും ആക്ഷന്‍ പറയുന്നതുമൊക്കെ. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ചെയ്യുമ്പോള്‍ ഞാന്‍ ആക്ഷന്‍ കേള്‍ക്കുന്നത് എവിടെ നിന്നോ ആണ്. നോക്കുമ്പോള്‍ അല്‍ത്താഫ് മോണിറ്ററിന്റെ മുന്പില് ഇരുന്നു ഞാന്‍ ഇവിടെയുണ്ട് മാം എന്ന് പറഞ്ഞപ്പോഴാണ് സംവിധായകനെ കണ്ടത്. പിന്നീട് ഞാന്‍ പോയി മോണിറ്ററില്‍ എന്റെ പെര്‍ഫോമന്‍സ് കണ്ടു നോക്കി. അതൊക്കെ എനിക്ക് അത് വരെ ഇല്ലാത്ത പുതിയ അനുഭവമായിരുന്നു.
ഞാന്‍ ഒരു സിനിമയില്‍ ആദ്യമായി കാരവാന് കാണുന്നത് ഇതിന്റെ സെറ്റിലാണ്. പണ്ടൊന്നും അത് ഇല്ലായിരുന്നല്ലോ. ഔട്ട്ഡോറിലൊക്കെ ചിത്രീകരണം വരുമ്പോള്‍ ഒരു കര്‍ട്ടനൊക്കെ പിടിച്ച് വസ്ത്രം മാറിയിരുന്ന കാലത്ത് നിന്ന് വളരെ സൗകര്യമുള്ള കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചിരുന്നു