മലയാള സിനിമ മേഖലയിലെ ശ്രദ്ധേയായ നടിയും നിർമ്മാതാവും കൂടിയാണ് സാന്ദ്ര തോമസ്. ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചേക്കേറിയ താരം കൂടിയാണ് സാന്ദ്ര. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാന്ദ്ര ഇരട്ടക്കുട്ടികളായ ഉമ്മുകുല്സുവിൻ്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരഭിമുഖത്തില്‍ സാന്ദ്ര മക്കളോട് കള്ളം പറയാറില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോൾ വാക്കു തെറ്റിച്ച് മക്കളോട് ആദ്യമായി കള്ളം പറയേണ്ടി വന്നതിന്റെ വേദന പങ്കുവെച്ചിരിക്കുകയാണ് സാന്ദ്ര. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാന്ദ്ര ഈ സംഭവം പറഞ്ഞത്.
സാന്ദ്രയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
അമ്മ കള്ളത്തരം പറഞ്ഞതാണോ? എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം. എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നില്‍ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 14 ദിവസത്തെ ആയുര്‍വേദ ട്രീറ്റ്‌മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോള്‍ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോള്‍ തങ്കകൊലുസ് വിഷമിക്കാതിരിക്കാന്‍ അവര്‍ ഹോസ്പിറ്റലില്‍ പോയെന്നും ഇന്‍ജെക്ഷന്‍ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാന്‍ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.
രണ്ട് ദിവസങ്ങള്‍ക് ശേഷം ഞാന്‍ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോള്‍ തങ്കത്തിനും കുല്‍സുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു. കുല്‍സു: ഉമ്മി ഇന്‍ജെക്ഷന്‍ എടുത്തു കഴിഞ്ഞോ? തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ? ഞാന്‍ : അത്. ഞാന്‍ തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാന്‍ പാടില്ലെന്ന്? ഞാന്‍ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല. കുല്‍സു : സാരമില്ല കള്ളത്തരം പറയാന്‍ പാടില്ലാട്ടോ . ഇത് എഴുതുമ്പോള്‍ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകള്‍ നിറയുന്നു. രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാന്‍ തിരുത്തുകയാണ്.