ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയാണ് തുടക്കം. പ്രിയം എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ചിത്രം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നായികയായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് മഞ്ജിമ.
മൂന്നു വയസ്സുള്ളപ്പോൾ സിനിമയിൽ വന്നയാളാണ് ഞാൻ. എന്റെ ജീവിതത്തിലെ ഇതുവരെയുള്ള എല്ലാ പ്രധാന കാര്യങ്ങളും ഒളിച്ചും പാത്തും സംഭവിച്ചിട്ടുള്ളതല്ല. എന്റെ ചെറിയ സന്തോഷങ്ങൾ പോലും എല്ലാവർക്കുമൊപ്പം ആഘോഷിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. എനിക്ക് ആരോടും പറയാതെയും രഹസ്യമായും വിവാഹം കഴിക്കേണ്ട കാര്യമൊന്നുമില്ല.
ആളുകളുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് എനിക്കു മാറാൻ പറ്റില്ല. ഒരു നടി അല്ലെങ്കിൽ സിനിമാതാരം എപ്പോഴും ഒരു പോലെ തന്നെ ഇരിക്കണമെന്നു വാശി പിടിക്കാൻ പറ്റുമോ..? എല്ലാ മനുഷ്യരിലും രക്തവും ഹോർമോണുമൊക്കെയുണ്ട്. അതു പലതരത്തിൽ മാറിക്കൊണ്ടിരിക്കും. പുരുഷൻമാരെക്കാൾ കൂടുതൽ വൈകാരിക പ്രശ്‌നങ്ങൾ സ്ത്രീകൾക്കുണ്ട്. ഒരു നടൻ തടി വച്ചാൽ ചോദിക്കാത്ത ചോദ്യങ്ങളാണു സമൂഹം ഒരു നടിയോടു ചോദിക്കുന്നത്. മെലിഞ്ഞാലോ എന്തെങ്കിലും അസുഖമാണോയെന്നും ഇക്കൂട്ടർ ചോദിക്കും. ഇത്തരം ചോദ്യങ്ങളെ മനഃപൂർവം അവഗണിക്കുകയാണിപ്പോൾ. എന്നെയും എന്റെ പ്രശ്‌നങ്ങളെയും അറിയാവുന്നവരായിരിക്കും ഇതെല്ലാം ചോദിക്കുന്നവരിൽ ഭൂരിഭാഗവും. ശരിക്കും ഇറിറ്റേഷൻ തോന്നും ഇക്കൂട്ടരോട്. സിനിമയ്ക്കും കഥാപാത്രത്തിനും വേണ്ടി ഏതു തരത്തിൽ മാറുന്നതിനും എനിക്കു മടിയൊന്നുമില്ല.