Latest News

നടിയെ ആക്രമിച്ച കേസ്; കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി പിന്‍വലിച്ച് ദിലീപ്

Malayalilife
നടിയെ ആക്രമിച്ച കേസ്; കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി പിന്‍വലിച്ച് ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നടൻ ദിലീപ് പിൻവലിച്ചു. ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. വിടുതൽ ഹർജി തള്ളിക്കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ആവശ്യമെങ്കിൽ പിന്നീട് കോടതിയെ സമീപിക്കാനും ദിലീപിന് സുപ്രീം കോടതി അനുമതി നൽകി.

വിടുതൽഹർജി തള്ളിയതിന് എതിരെ 2020 ജനുവരിയിലായിരുന്നു ദിലീപ് സുപ്രീംകോടതിയിൽ ഹർജി നല്കിയത്. ഈ ഹർജിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഫിലിപ്പ് ടി. വർഗീസ് കോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഇതിനോടകം 202 സാക്ഷികളുടെ വിസ്താരം പൂർത്തിയായതായും അദ്ദേഹം കോടതിയെ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ എ. എം. ഖാൻവിൽക്കർ, സി. ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രൺജിത് കുമാർ ദിലീപിന്റെ ഹർജി നിലവിൽ അപ്രസക്തമാണെന്ന് കോടതിയിൽ വാദിച്ചു. വിചാരണക്കോടതി ഉത്തരവിലെ പരാമർശങ്ങൾക്കെതിരേ പിന്നീട് കോടതിയെ സമീപിക്കാൻ ദിലീപിന് അനുമതി നൽകുന്നതിനെയും രഞ്ജിത്ത് കുമാർ എതിർത്തു. എന്നാൽ ഈ എതിർപ്പ് സുപ്രീം കോടതി അംഗീകരിച്ചില്ല.

അതേസമയം, എറണാകുളത്തെ വിചാരണക്കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. 2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തിൽ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും.

സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജൂൺ 24 നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിർഷായുടേയും കടന്നുവരവ്. ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി.

അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. ആക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. ജൂൺ 30 ന് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തി. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപ്, ധർമജൻ ബോൾഗാട്ടി തുടങ്ങി ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ സുനി എത്തിയിരുന്നു.

ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഒടുവിൽ നാല് തവണ ജാമ്യനിഷേധിച്ചതിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു.

Actor dileep withdraw the plea of actress attack case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക