ഒളിമ്പ്യന്‍ ആന്തോണി ആദത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അരുണ്‍ കുമാര്‍. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് ഭാഗ്യവും സിദ്ധിച്ചിരുന്നു. ബാലതാരമായാണ് താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചതും. അതേസമയം മീശമാധവനിലും സ്പീഡ് ട്രാക്കിലും ദിലീപിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് അരുണ്‍.
'സ്‌കേറ്റിംഗ് പഠിച്ചിട്ടുളളതുകൊണ്ടാണ് ഒളിമ്പ്യന്‍ അന്തോണി ആദത്തില്‍ അവസരം ലഭിച്ചത്. അന്ന് എന്റെ ഒരു അഭിമുഖം ഭദ്രന്‍ സാര്‍ ചെന്നൈയില്‍ വെച്ച് കാണുകയുണ്ടായി. അത് കണ്ടിട്ടാണ് വിളിച്ചത്. ഒളിമ്പ്യന്‍ അന്തോണി ആദത്തിലേക്ക് കാസ്റ്റ് ചെയ്തു'.പിന്നെ രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞാണ് വീണ്ടും കോള്‍ വരുന്നത്. നിനക്ക് അഭിനയിക്കാന്‍ അറിയുമോ' എന്ന് ഭദ്രന്‍ സാര്‍ ചോദിച്ചു. 'അറിയില്ലെന്ന് ഞാന്‍' പറഞ്ഞു. 'കുഴപ്പമില്ല ഞാന്‍ അഭിനയിപ്പിച്ചോളാം' എന്ന് ഭദ്രന്‍ സാര്‍ പറഞ്ഞു. 'മീശമാധവനില്‍ ദിലീപേട്ടന്റെ കുട്ടിക്കാലം ചെയ്തു. പിന്നെ സ്പീഡ് ട്രാക്കില് അനിയന്‌റെ വേഷവും. നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ അനുഭവമാണ് മീശമാധവനില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചത്'.
'പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന സിനിമയാണ് മീശമാധവന്‍. അന്നത്തെ വലിയ ഹിറ്റാണ്. അങ്ങനെയൊരു സിനിമയില്‍ നല്ലൊരു ക്യാരക്ടര്‍ കിട്ടുക എന്നത് ഭാഗ്യമാണ്. അതും പടം തുടങ്ങുമ്പോള്‍ തന്നെ മാധവന്‍ എങ്ങനെ കളളന്‍ മാധവനായതെന്നാണ് കാണിക്കുന്നത്. മീശമാധവന് ശേഷം ദിലീപേട്ടനൊപ്പം കല്യാണരാമനിലും ചെറിയൊരു വേഷം ചെയ്തു, അതിലും സ്‌കേറ്റിംഗ് ചെയ്യുന്നത് തന്നെയാണ്'.
'പിന്നെ സ്പീഡ് ട്രാക്കില് അഭിനയിച്ചു. അതിലും നല്ലൊരു ക്യാരക്ടറായിരുന്നു. അതില് സ്‌പോര്‍ട്‌സ് ആയതുകൊണ്ടായിരിക്കാം എന്നെ കാസ്റ്റ് ചെയ്തത്. ഒരു ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായിട്ടുളള ക്യാരക്ടര്‍. താന്‍ ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറല്ല, എന്നാല്‍ ക്യാരക്ടറിന് വേണ്ടി അത് പഠിച്ചു. സംവിധായകന്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞുതന്നിരുന്നു, സ്പീഡ് ട്രാക്കിലെ വേഷവും മനസില്‍ നില്‍ക്കുന്നൊരു ക്യാരക്ടറാണ്. എല്ലാവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ കഥാപാത്രം. പല സ്ഥലത്തും ചെല്ലുമ്പോള്‍ മിക്കവരും പറയുന്ന സിനിമകളില്‍ ഒന്നാണത്. ദിലീപേട്ടന്‍ എപ്പോള്‍ കണ്ടാലും വിളിക്കുക അനിയാ എന്നാണ്. അനിയന്‍ ചേട്ടന്‍ എന്നുളള ഒരു ഇത് തന്നെയാണ് ഇപ്പോഴും', അരുണ്‍ പറഞ്ഞു.