തമിഴകത്ത് മീ ടൂ ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത് ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയിയാണ്. കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടൻ രാധാ രവി എന്നിവർക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ചിന്മയി രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ ഈ വെളിപ്പെടുത്തലുകളുടെ പേരിൽ ചിന്മയിക്ക് വിലക്കുകളും അവസരങ്ങൾ ഇല്ലാതായതും വാർത്തയായിരുന്നു. എന്നാൽ ഗായിക ചിന്മയിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത.
ഫേസ്‌ബുക്കിലൂടെയായിരുന്നു ഗോവിന്ദിന്റെ പരാമർശം. ആര് വിലക്കിയാലും അത് വകവയ്ക്കാതെ തന്റെ സിനിമകളിൽ ചിന്മയി പാടുമെന്നാണ് ഗോവിന്ദ് വസന്ത പറഞ്ഞിരിക്കുന്നത്. ചിന്മയി എന്നോട് പറ്റില്ലെന്ന് പറയാത്തിടത്തോളം കാലം അവർക്ക് പാടാം. മറ്റാർക്കും എന്റെ മേൽ തീരുമാനം അടിച്ചേൽപിക്കാനാവില്ല-ഗോവിന്ദ് വസന്ത ഫേസ്‌ബുക്കിൽ കുറിച്ചു. ഗോവിന്ദിന്റെ നിലപാടിനെ അഭിനന്ദിച്ച് ചിന്മയും രംഗത്ത് വന്നു.
ഗാനരചയിതാവ് വൈരമുത്തു മോശമായി പെരുമാറിയത് വെളിപ്പെടുത്തിയതിന് പിന്നാലെ ചിന്മയിക്കെതിരെ അപ്രഖ്യാപിത വിലക്ക് വന്നിരുന്നു. ഡബ്ബിങ് യൂണിയനിൽ നിന്ന് ചിന്മയിയെ പുറത്താക്കുകയും ചെയ്തിരുന്നു.മീടു വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങൾ കുറഞ്ഞെന്ന ചിന്മയിയുടെ തുറന്നു പറച്ചിലിന് പിന്നാലെയാണ് ഗോവിന്ദ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ഗോവിന്ദ് സംഗീത സംവിധാനം ചെയ്ത 96ലെ ഗാനങ്ങളും നായിക തൃഷയ്ക്ക് ശബ്ദം നൽകിയതും ചിന്മയിയായിരുന്നു.കഴിഞ്ഞ ദിവസം നടി നയൻതാരയെ അധിക്ഷേപിച്ച് നടൻ രാധാ രവി രംഗത്തെത്തിയിരുന്നു. തുടർന്ന് കടുത്ത വിമർശനവുമായി ചിന്മയി രംഗത്തെത്തുകയും തനിക്ക് നേരിട്ട് അപമാനത്തിനെയും നീതി നിഷേധത്തിനെയും കുറിച്ച് പറഞ്ഞിരുന്നു.യൂടൂബ് ചാനലുകൾക്ക് വാർത്തകൾക്കായി ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധത ആവശ്യമാണെന്നും അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു