പ്രിയദര്‍ശന്റെ കുഞ്ഞാലിമരയ്ക്കാരാകാന്‍ മോഹന്‍ലാല്‍ 12ന് ഹൈദരാബാദിലെ ലൊക്കേഷനിലെത്തും.ബ്ലാസ്റ്റേഴ്സിന് ആവേശം നല്‍കാന്‍ കൊച്ചിയില്‍ ഉള്ള ലാല്‍ ഇനി ഐഎസ്എല്ലിന്റെ ഈ സീസണില്‍ കളികാണാനും ഉണ്ടാകില്ല. പൂര്‍ണ്ണമായും കുഞ്ഞാലിമരയ്ക്കാര്‍ക്കായി ദിവസങ്ങള്‍ മാറ്റി വയ്ക്കുകയാകും മോഹന്‍ലാല്‍ ചെയ്യുക. അബുദാബിയിലെ അമ്മ ഷോയ്ക്ക് ശേഷമാകും ഹൈദരാബാദില്‍ ലാല്‍ എത്തുക. കുഞ്ഞാലിമരയ്ക്കാറുടെ ആദ്യ സീനുകളുടെ ചിത്രീകരണം ഹൈദരാബാദില്‍ ഇതിനോടകം തുടങ്ങി കഴിഞ്ഞു.
കഴിഞ്ഞകാലം പറയുന്ന മരയ്ക്കാറിനു വേണ്ടി സാബു സിറിളിന്റെ നേതൃത്വത്തില്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ പടുകൂറ്റന്‍ സെറ്റ് ആണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ കപ്പലിന്റെ മാതൃക ശ്രദ്ധേയമാണ്. വന്‍ താരനിര തന്നെയുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്.
കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിന്റെ ഭാഗമാകും. നടന്‍ മുകേഷ് തന്റെ അഭിനയ ജീവിതത്തിലെ ചരിത്ര പ്രാധാന്യമുള്ള ആദ്യ വേഷം കൈകാര്യം ചെയ്യുന്നു. സിദ്ദിഖ്, നെടുമുടി വേണു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുപ്രധാന നായിക വേഷങ്ങളില്‍ കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ്.
നവംബര്‍ മാസം, കേരളപ്പിറവി ദിനത്തില്‍, ആരംഭിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും, പ്രളയ ദുരിതാശ്വാസത്തിനായി നടക്കുന്ന താര സംഘടനയുടെ സ്റ്റേജ് ഷോക്ക് സൗകര്യമൊരുക്കാനായി മാറ്റി വയ്ക്കുകയായിരുന്നു. തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാളചിത്രമാകും കുഞ്ഞാലി മരയ്ക്കാര്‍.