മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമായ 'കറക്കം' ടീസര്‍ താരരാജാവ് മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ വഴി ലോഞ്ച് ചെയ്തു. പാട്ടും ഡിസ്‌കോയും കൊണ്ട് മൈക്കല്‍ ജാക്‌സണ്‍ ലഹരിപിടിപ്പിച്ച എണ്‍പതുകളില്‍ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കള്‍ എത്തുന്നു. ഒരു കൂട്ടം ന്യൂജനറേഷന്‍ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ പശ്ചാത്തലം. പണ്ടെങ്ങോ മരിച്ചവര്‍ക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ? ആകാംക്ഷയുണര്‍ത്തി ടീസര്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.
ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ ഒരു പുതുപുത്തന്‍ ദൃശ്യാനുഭവമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്. എണ്‍പതുകളിലെ റെട്രോ ആത്മാക്കള്‍ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ടര്‍ട്ടില്‍ പ്രൊഡക്ഷന്‍സിന്റെയും ക്രൗണ്‍സ്റ്റാര്‍സ് എന്റര്‍ടൈന്‍മെന്റിന്റെയും ബാനറില്‍ അങ്കുഷ് സിങ്, കിമ്പര്‍ളി ട്രിനിഡാഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.
നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന ആത്മാക്കളും ഒത്തുചേരുമ്പോള്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങള്‍ വര്‍ണ്ണാഭമായ ഫ്രെയിമുകളിലൂടെയും ത്രസിപ്പിക്കുന്ന സംഗീതത്തിലൂടെയും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും 'കറക്കം' എന്ന സിനിമയെ വ്യത്യസ്തമാക്കുന്നു.