സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 27 വര്‍ഷത്തിനു ശേഷം റീ റിലീസ് ചെയ്തിരുന്നു.
സിയാദ് കോക്കേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് യൂട്യൂബ് ചാനലിലൂടെ ആണ് ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡിലീറ്റഡ് സീന്‍സ് എത്തിയിരിക്കുന്നത്. റിലിയി 28 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സിനിമയുടെ ഡിലീറ്റഡ് സീന്‍സ് എത്തുന്നത് അപൂര്‍വമാണ്.
ജയിലില്‍ പോയി മോഹന്‍ലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടില്‍ എത്തുന്നതും തുടര്‍ന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേര്‍ന്ന് വിവാഹബന്ധത്തില്‍ തുടരാന്‍ സമ്മതിപ്പിക്കുന്നതുമാണ് ഈ രംഗത്തില്‍ ഉള്ളത്. അങ്ങനെ എല്ലാവരുടെയും അഭ്യര്‍ഥന പ്രകാരം ഡെന്നിസിനൊപ്പം ജീവിക്കാന്‍ ആമി തയാറുമ്പോള്‍ ഒരു സ്വപ്നത്തിലെന്നപോലെ വീണ്ടും നിരഞ്ജന്‍ കടന്നു വരുന്നു.
വളരെയധികം വൈകാരികമായ ഈ രണ്ടു രംഗങ്ങളും സമയ ദൈര്‍ഘ്യം മൂലമാണ് സിനിമയില്‍ നിന്നു കട്ട് ചെയ്യേണ്ടി വന്നത്. എന്നാല്‍ അഭിരാമിയെ കണ്‍വിന്‍സ് ചെയ്യാന്‍ നോക്കുന്ന സീനുകള്‍ക്ക് ഒരുപാട് നാടകീയതയുണ്ടെന്നും അത് ചിത്രത്തിന്റെ മൂഡിന് യോജിക്കുന്നില്ലെന്നും ചിലര്‍ കമന്റിട്ടു.
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'സമ്മര്‍ ഇന്‍ ബത്ലഹേം' വന്‍ വിജയം നേടിയ സിനിമയാണ്. സിയാദ് കോക്കറാണ് സിനിമ നിര്‍മിച്ചത്. സുരേഷ് ഗോപി, ജയറാം, മഞ്ജു വാരിയര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലുമെത്തി.