Latest News

ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാര്‍; ഭീകരാക്രമണത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലും അപലപിച്ച് മോഹന്‍ലാലിന്റെ കുറിപ്പ്

Malayalilife
topbanner
 ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാര്‍; ഭീകരാക്രമണത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലും അപലപിച്ച് മോഹന്‍ലാലിന്റെ കുറിപ്പ്

മ്മുകശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തകരും താരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. ഇപ്പോള്‍ പുല്‍വാമ ഭീകരാക്രണത്തിന്റെയും കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ അപലപിച്ചുളള സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ പുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. നാം ജീവിക്കുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം ആരംഭിക്കുന്നത്.

കുറച്ച് കാലമായി എഴുതിയിട്ട്.. പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ.. എന്തിന്. ആരോട് പറയാന്‍! ആര് കേള്‍ക്കാന്‍. ഇപ്പോള്‍ എഴുതണം എന്ന് തോന്നി. അതിനാല്‍ ഒരു കുറിപ്പ്..

വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി.. പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളില്‍ വെള്ള പുതുച്ചുകിടന്നു.

തീഗോളമായി ചിതറും മുമ്ബ് അവര്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്.

ആരോടൊക്കെയോ അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു..വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. 'ഒന്നും സംഭവിക്കില്ല' എന്ന് പ്രതീക്ഷിച്ചു.

കശ്മീരിന്റെ തണുപ്പിനെ നേരിടാന്‍ അവര്‍ക്ക്, ആ ജവാന്മാര്‍ക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്‌നേഹച്ചൂട് മതിയായിരുന്നു..

ആ ചൂടില്‍, അവര്‍ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തില്‍ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തില്‍.. തണുത്ത നിലങ്ങളില്‍ അവര്‍ ചിതറി.. ഭൂമി വിറച്ചു: പര്‍വതങ്ങള്‍ ഉലഞ്ഞു. തടാകങ്ങള്‍ നിശ്ചലമായി.. ദേവദാരുക്കള്‍ പോലും കണ്ണടച്ച് കൈകൂപ്പി.. പിന്നീടവര്‍ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തില്‍ മുങ്ങി. ആ വിടുകളില്‍ സൂര്യന്‍ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ...

വിരജവാന്‍മാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും അവരുടെ പാദങ്ങളില്‍ പ്രണിമിക്കാന്‍ തോന്നിയിട്ടുണ്ട്. ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീര ജവാന്‍മാര്‍ ജോലി ചെയ്യുന്നത്. മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണു നട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്ന് കിടക്കുന്നത് എന്ന കാര്യം അവനറിയാം താന്‍ മിരിച്ചാലും രാജ്യം ജീവിക്കണം. സുരക്ഷിതമാവണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം. ഓരോ ജവാനും ഓരോ നിമിഷവും ഇത് പറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്ടാംഗ പ്രണാമം.. ഞങ്ങള്‍ക്കറിയാം.. നിങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.

ഞങ്ങള്‍ ജീവിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് കലഹിച്ചുകൊണ്ട്, നിരര്‍ഥക മോഹങ്ങളില്‍ മുഴുകിക്കൊണ്ട്.. മോഹന്‍ലാല്‍ പറയുന്നു.

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്‍മാര്‍ കൊല്ലപ്പെടുമ്പോള്‍, നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ.. ജവാന്‍മാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍  കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം.. നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും.  അവരെ ഒറ്റപ്പെടുത്തുക. തള്ളിക്കളയുക.. ആരായിരുന്നാലും ശരി. സഹായിക്കാതിരിക്കുക.. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാന്‍ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ.. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാന്‍ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. ലജ്ജയോടെ തകര്‍ന്ന ഹൃദയത്തോടെ ഞങ്ങള്‍ ജീവിതംതുടരട്ടെ- മോഹന്‍ലാല്‍ പറയുന്നു. 

Mohanlal Blog about the Pulwama Terrorist attack and death of Youth Congress activists

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES