മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് പ്രിയ താരം മഞ്ജുവാര്യര്‍. ദിലീപുമായുള്ള കല്യാണത്തിന് മുമ്പ് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയ മഞ്ജുവാര്യര്‍ ദിലീപുമായുളള ബന്ധം അവസാനിപ്പിച്ച് തിരികേ എത്തിയപ്പോഴും മികച്ച കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ മലയാളം വിട്ട് അന്യഭാഷകളിലും മിന്നിക്കാനായി താരം ഒരുങ്ങുകയാണ്. തമിഴില്‍ തന്റെ അരങ്ങേറ്റ വാര്‍ത്ത നടി സ്ഥിരീകരിച്ചതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.
അസിന്‍,നയന്‍താര,കീര്‍ത്തി സുരേഷ് എന്നിവരുടെ ശ്രേണിയിലേക്കാണ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും പ്രിയ നടി മഞ്ജുവാര്യര്‍ കൂടി തമിഴില്‍ തിളങ്ങാന്‍ ഒരുങ്ങുന്നത്. ധനുഷിനും വെട്രിമാരനും ഒപ്പമാണ് മഞ്ജുവാര്യര്‍ തമിഴകത്തേക്ക് എത്തുന്നത്. കഴിഞ്ഞ 24 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ മഞ്ജുവിന്റെ ആദ്യ തമിഴ് അരങ്ങേറ്റം ധനുഷിന്റെ 'അസുരന്‍' എന്ന ചിത്രത്തിലൂടെയാണ്. മഞ്ജു വാരിയരാണ് ചിത്രത്തില്‍ നായികയാകുന്നതെന്നും അവരോടൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ ആകാംക്ഷയിലാണ് താനെന്നും ധനുഷ് ട്വീറ്റ് ചെയ്തതോടെയാണ് ആരാധകര്‍ വിവരം അറിഞ്ഞത്. 'എന്റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ് എന്ന് ധനുഷിന്റെ ട്വീറ്റിന് മറുപടിയായി മഞ്ജുവും കുറിച്ചു.
തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് അസുരന്‍ സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജി.വി. പ്രകാശ് സംഗീതം നിര്‍വ്വഹിക്കുമ്പോള്‍ കലൈപുലി എസ്. താനുവാണ് നിര്‍മാണം.
തമിഴകത്തിന്റെ ഹിറ്റ് കൂട്ടുക്കെട്ടാണ് വെട്രിമാരന്‍ ധനുഷ് എന്നിവരുടെത്്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. അതിനാല്‍ തന്നെ വെട്രിമാരനും ധനുഷിനുമൊപ്പം മഞ്ജുവും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല.