മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ 'ഉണ്ട' എന്ന സിനിമയുടെ ചിത്രീകരണം അവസാനിച്ചപ്പോള്‍ റിസര്‍വ് വനത്തില്‍ ബാക്കിയായത് അറുപത് ലോഡ് മണ്ണും പ്ലാസ്റ്റിക് മാലിന്യങ്ങളും. കാസര്‍കോഡ് മുള്ളേരിയ പാര്‍ഥക്കൊച്ചി വനത്തില്‍ ഇറക്കിയ മണ്ണ് ചിത്രീകരണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് നീക്കം ചെയ്യുമെന്നായിരുന്നു ചിത്രീകരണ സംഘം നല്‍കിയ ഉറപ്പ്. വനപരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വനത്തിലേക്ക് മണ്ണിറക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തീകരിച്ച് സിനിമാ ചിത്രീകരണ സംഘം പോയതോടെ വെട്ടിലായത് മണ്ണിടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ തന്നെയാണ്.
റിസര്‍വ് ഫോറസ്റ്റില്‍ മണ്ണിടാന്‍ അനുമതി നല്‍കിയതിനെതിരെ നേരത്തെ വിവാദമുയര്‍ന്നിരുന്നു. മണ്ണിട്ട റോഡ് വെട്ടിയും, മണ്ണ് നിരത്തിയും പ്രകൃതിയില്‍ മാറ്റം വരുത്തിയതായാണ് വിവാദമുയര്‍ന്നത്. ഇത് നിയമലംഘനമാണെന്ന് കണ്ടെത്തി മണ്ണിടാന്‍ അനുമതി നല്‍കിയ ഡിഎഫ്ഒക്കെതിരെ നടപടിയെടുക്കണമെന്ന് മേലുദ്യോഗസ്ഥന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായാല്‍ മണ്ണ് നീക്കം ചെയ്ത് വനം പൂര്‍വസ്ഥിതിയിലാക്കും എന്നായിരുന്നു ഡിഎഫ്ഒ പ്രതികരിച്ചിരുന്നത്.
. ചെങ്കല്‍ പാറകളുണ്ടാക്കാനുപയോഗിച്ച മെറ്റീരിയിലകളും പ്ലാസ്റ്റിക് കുപ്പികളുമടക്കം മാലിന്യങ്ങളും വനത്തിനുള്ളില്‍ കൂടിക്കിടക്കുകയാണ്. നവംബര്‍ 30-തിനായിരുന്നു വനംവകുപ്പ് അവസാനം ലൈസന്‍സ് നല്‍കിയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി നാല് ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണ സംഘം സ്ഥലത്തു നിന്ന് പോവുകയും ചെയ്തു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെട്ടിലാകുകയായിരുന്നു. സ്ഥലം പരിശോധിച്ച ശേഷം വേണ്ട നടിപടികളെടുക്കുമെന്നും മണ്ണ് നീക്കം ചെയ്താല്‍ മാത്രമേ ചിത്രീകരണ സംഘത്തില്‍ നിന്ന് ഈടാക്കിയ 18,000 രൂപ കോഷന്‍ ഡിപ്പോസിറ്റ് തിരികെ നല്‍കൂ എന്നും മണ്ണിടാന്‍ അനുമതി നല്‍കിയ ഡിഎഫ്ഒ പറയുന്നു. എന്നാല്‍ ചിത്രീകരണ സംഘം ഇതു നീക്കം ചെയ്യാതിരിക്കുകയും കോഷന്‍ ഡിപ്പോസിറ്റ് വേണ്ടെന്ന് വയ്ക്കുകയും ചെയ്താലും കുടുങ്ങുക വനംവകുപ്പ് തന്നെയായിരിക്കും, കാരണം, ഈ തുക കൊണ്ട് വനം പൂര്‍വസ്ഥിതിയില്‍ ആക്കുക ദുഷ്‌കരമാണ്. ചിത്രീകരണ സംഘം മണ്ണ് നീക്കം ചെയ്തില്ലെന്ന് മാത്രമല്ല, മദ്യക്കുപ്പികളടക്കം പലതരം മാലിന്യങ്ങള്‍ അവിടെ അവശേഷിപ്പിക്കുകയും ചെയ്തു.മണ്ണിടല്‍ നിയമലംഘനമാണെന്ന് കണ്ടെത്തി അത് തടഞ്ഞ ഉദ്യോഗസ്ഥനെ അട്ടപ്പാടിക്ക് സ്ഥലം മാറ്റിയിരുന്നു.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉണ്ട'. ഛത്തീസ്ഗഡ് വനങ്ങളിലെ മാവോയിസ്റ്റ് മേഖലകളാണ് പാര്‍ഥക്കൊച്ചിയില്‍ ചിത്രീകരിച്ചത്.ഹരിതകേരള മിഷന്‍ അംബാസിഡര്‍ കൂടിയായ മമ്മൂട്ടിയുടെ സിനിമയ്ക്കായി വനനിയമങ്ങളെ ലംഘിച്ച് വനത്തിലേക്ക് മണ്ണടിച്ച് അതിന്റെ സ്വാഭാവിക പ്രകൃതി നശിപ്പിച്ചതിനെതിരെ പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. മണ്ണിടാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പരിസ്ഥിതി സംഘടനകളുടെ അഭിപ്രായം. വിഷയത്തില്‍ സിനിമാ ചിത്രീകരണ സംഘത്തിന്റെ പ്രതികരണം തേടിയെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. പ്രതികരണം ലഭ്യമാവുന്ന മുറയ്ക്ക് അത് ഉള്‍പ്പെടുത്തും.