മമ്മൂട്ടിയുടെ കരിയറിലെ ബോക്‌സോഫീസ് ഹിറ്റുകളിൽ പ്രധാനമാണ് രാജാധിരാജയും മാസ്റ്റർപീസും. സംവിധായകൻ അജയ് വാസുദേവിന്റെ മികവിൽ മമ്മൂട്ടി ആരാധകർക്ക് ലഭിച്ച വലിയ സമ്മാനം തന്നെയായിരുന്നു ഇരു ചിത്രങ്ങളും. എന്നാലിപ്പോൾ നാളുകൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന അടുത്ത ചിത്രം വരുന്നുവെന്ന വാർത്ത ഏവരേയും ആവേശത്തിലാഴ്‌ത്തുകയാണ്. ഗുഡ്‌വിൽ എന്റർടെയ്ന്മെന്റിന്റെ ബാറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ജോബി ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രം ഒരു ഫാമിലി മാസ് എന്റർടെയിനറായിരിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. ആഗസ്റ്റിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഡിക്‌സൺ ടി പൊഡുത്താസ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. സിനിമയുടെ പ്രീ - പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി കൊണ്ടിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും. മമ്മൂട്ടി നായകനായ മധുര രാജ ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന വേളയിലാണ് പുത്തൻ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് വന്നിരിക്കുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ഉണ്ട' യാണ് മമ്മൂട്ടിയുടെ ഏറ്റവും അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.