Latest News

'കശ്മീരിന്റെ യഥാര്‍ഥ മുഖം വെള്ളിത്തിരയിലെത്തിക്കണം'; താഴ്വരയില്‍ തത്സമയ സംഗീതപരിപാടി നടത്താന്‍ ആഗ്രഹമുണ്ടെന്നും എ.ആര്‍. റഹ്മാന്‍ 

Malayalilife
 'കശ്മീരിന്റെ യഥാര്‍ഥ മുഖം വെള്ളിത്തിരയിലെത്തിക്കണം'; താഴ്വരയില്‍ തത്സമയ സംഗീതപരിപാടി നടത്താന്‍ ആഗ്രഹമുണ്ടെന്നും എ.ആര്‍. റഹ്മാന്‍ 

ഹിംസയുടെ ഭൂതകാലം മാറ്റിവെച്ച് ജമ്മു കശ്മീരിന്റെ യഥാര്‍ഥ മുഖവും പ്രകൃതിസൗന്ദര്യവും വെള്ളിത്തിരയിലെത്തിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ മുന്നോട്ടുവരണമെന്ന് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍. താഴ്വരയിലെ സമാധാന അന്തരീക്ഷവും സംസ്‌കാരവും ആതിഥ്യമര്യാദയുമാണ് സിനിമകളിലൂടെ ലോകത്തിന് മുന്നില്‍ കാട്ടേണ്ടതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജമ്മു കശ്മീര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ എ.ആര്‍. റഹ്മാന്‍ പ്രശംസിച്ചു. താഴ്വരയുടെ സമ്പന്നമായ സംസ്‌കാരം ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ ഈ ചലച്ചിത്രമേളയിലൂടെ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഈ ഫെസ്റ്റിവല്‍ ഭാവിയില്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി മാറുമെന്നും കൂടുതല്‍ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് റഹ്മാന്‍ കശ്മീരിലെത്തിയിരിക്കുന്നത്. 

ബോളിവുഡ് സംഗീതജ്ഞരും കശ്മീരിലെ തദ്ദേശീയരായ കലാകാരന്മാരും തമ്മില്‍ കൂടുതല്‍ സഹകരണമുണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് 'റോക്ക്സ്റ്റാര്‍' എന്ന ചിത്രത്തിന് വേണ്ടി കശ്മീരി സ്ത്രീകളുടെ നാടന്‍ പാട്ടുകള്‍ താന്‍ റെക്കോര്‍ഡ് ചെയ്തിരുന്ന കാര്യം അദ്ദേഹം ഓര്‍ത്തെടുത്തു. പരമ്പരാഗത സംഗീതത്തിനും നാടന്‍ പാട്ടുകള്‍ക്കും വലിയ സാധ്യതകളുള്ള കശ്മീരില്‍ ഇനിയും ഇത്തരം സംഗീത പരീക്ഷണങ്ങള്‍ നടത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കശ്മീരുമായുള്ള തന്റെ കലാപരമായ ബന്ധം വരും നാളുകളിലും തുടരുമെന്ന സൂചനയും റഹ്മാന്‍ നല്‍കി. ഭാവിയില്‍ താഴ്വരയില്‍ ഒരു ലൈവ് മ്യൂസിക് കോണ്‍സെര്‍ട്ട് നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ തന്നെ അത്തരമൊരു വന്‍ പരിപാടിക്കായി താന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

AR Rahman urges filmmakers to return to Kashmir

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES