മലയാളത്തിന്റെ പ്രിയതാരം മെഗാ സ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രം ഉണ്ടയുടെ ആദ്യ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകർ ആഹ്ലാദത്തിലാണ്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം പൊലീസായെത്തുന്ന ചിത്രത്തിന് ആശംസയറിയിച്ചും ആദ്യ ഷോയ്ക്ക് എത്തുമെന്നും ആരാധകർ കമന്റ് ബോക്‌സുകളിലൂടെ ഉറപ്പ് പറയുകയാണ്. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രമേയമോ കഥാപാത്രങ്ങളെക്കുറിച്ചോ ഒരു സൂചനകളും നൽകാതെയായിരുന്നു 'ഉണ്ട'യുടെ ചിത്രീകരണം. പ്രഖ്യാപിച്ച് ഏറെ നാളുകൾക്ക് ശേഷമാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. വിഷുദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. എട്ട് ക്യാരക്ടർ പോസ്റ്ററുകൾക്ക് ശേഷം ഒൻപതാമത്തെ പോസ്റ്ററായാണ് മമ്മൂട്ടിയുടെ ലുക്ക് എത്തിയിരിക്കുന്നത്. 'ഇൻസ്‌പെക്ടർ മണിസാർ' എന്ന് സഹപ്രവർത്തകർ വിളിക്കുന്ന സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
പൊലീസ് യൂണിഫോമിലുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അബ്രഹാമിന്റെ സന്തതികൾ, സ്ട്രീറ്റ്ലൈറ്റ്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ഉണ്ട. ഛത്തീസ്‌ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട'.