Latest News

ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം'; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യത 

Malayalilife
ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്; ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം'; സോഷ്യല്‍ മീഡിയയ്ക്ക് ആഘോഷമായി സിദ്ദിഖിനായുള്ള ലുക്ക് ഔട്ട് നോട്ടീസ്; സിദ്ദിഖിന്റെ അറസ്റ്റിനായി അതിവേഗ നീക്കങ്ങള്‍ക്കും സാധ്യത 

ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിനായി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടിസ്. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസില്‍ പറയുന്നു. അതിനിടെ സിദ്ദിഖിനെ ഇനിയും പിടിക്കാന്‍ കഴിയാത്തത് പോലീസിനും നാണക്കേടായി മാറുന്നുണ്ട്. പത്ര പരസ്യവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

എല്ലാവര്‍ക്കും അറിയാവുന്ന സിദ്ദിഖിനെ കണ്ടെത്താന്‍ പോലും പത്രപരസ്യം നല്‍കിയതിനെയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് പോലീസ് വിശദീകരണം. സുപ്രീംകോടതിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിദ്ദിഖ്. അതുവരെ ഒളിവില്‍ തുടരാനാണ് തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. അറസ്റ്റിലായാല്‍ മാസങ്ങള്‍ റിമാന്‍ഡില്‍ കഴിയേണ്ടിവരുമെന്ന ആശങ്കയുണ്ട് നടന്. തിങ്കളാഴ്ച വരെ പൊലീസ് കാത്തിരിക്കുമോ അതോ കൂടുതല്‍ പഴികേള്‍ക്കാന്‍ ഇടവരുത്താതെ അറസ്റ്റ് നടക്കുമോ എന്നും ചര്‍ച്ചകളിലുണ്ട്. സിദ്ദിഖ് എവിടെയുണ്ടെന്ന് പോലീസിന് അറിയാമെന്ന വിലയിരുത്തലും സജീവ ചര്‍ച്ചകളിലുണ്ട്. അതിവേഗം സിദ്ദിഖിനെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്. 

ഇതിനൊപ്പമാണ് ലുക്ക് ഔട്ട് നോട്ടീസും വന്നത്. 'ഫോട്ടോയില്‍ കാണുന്ന ഫിലിം ആര്‍ട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിലവിലുള്ള കേസിലെ പ്രതിയും ഒളിവില്‍ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം'നോട്ടിസില്‍ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ (9497996991) , റെയ്ഞ്ച് ഡിഐജി ( 9497998993), നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷന്‍ (04712315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടിസ്. 

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ സിദ്ദിഖ് ഒളിവിലാണ്. നടന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നല്‍കാനുണ്ടായ കാലതാമസം, ക്രിമിനല്‍ പശ്ചാത്തലമില്ല എന്നീ വാദങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹര്‍ജിയുമായി സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. സിദ്ദിഖിനെ കണ്ടെത്താന്‍ വേണ്ടി പല സിനിമാക്കാരെ അടക്കം പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പക്ഷേ ആര്‍ക്കും പിടികൊടുക്കാതെ മറഞ്ഞിരിക്കുകയാണ് സിദ്ദിഖ്. 

സിദ്ദിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്ച മുന്‍പ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചില്‍ നോട്ടിസ് നല്‍കിയിരുന്നു. യുവനടിയുടെ പരാതിയില്‍ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തല്‍ (506) എന്നീ വകുപ്പുകള്‍ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി നാല് ദിവസമായിട്ടും സിദ്ദിഖിനെ കണ്ടെത്താനാകാതെ പൊലീസ് നെട്ടോട്ടത്തിലാണ്. ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വിഫലമായി. നടന്റേയും സുഹൃത്തുക്കളുടേയും വീടുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. 

അതേസമയം, മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹര്‍ജി കഴിഞ്ഞ ദിവസം കോടതി രജിസ്റ്റര്‍ ചെയ്തിരുന്നു. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കള്ള സാക്ഷിയെ അതിജീവിത സൃഷ്ടിച്ചു എന്നാണ് സിദ്ദിഖ് ആരോപിക്കുന്നത്. മാസ്‌ക്കറ്റ് ഹോട്ടലില്‍ തന്റെ മുറിയിലേക്ക് എത്തിച്ച ആള്‍ എന്ന നിലയിലാണ് കള്ള സാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നത്. നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ താന്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അതിജീവിത പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാരും ഹൈകോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിക്കുന്നു.

Read more topics: # സിദ്ദിഖ്
Lookout notice for Actor Siddique

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക