സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്നെടുത്ത രണ്ട് പേരാണ് മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും. സാധാരണ സംഭവിക്കാറുള്ളത് പോലെ രണ്ട് പേരുടെയും മക്കളും സിനിമയുടെ വഴിയിലേക്കാണ് എത്തിയത്. പ്രണവ് മോഹന്‍ലാല്‍ ആദിയെന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയപ്പോള്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെ അരങ്ങേറ്റം തെലുങ്ക് സിനിമയിലൂടെ ആയിരുന്നു.പ്രണവിന്റെ ആദി മികച്ച വിജയം നേടി. കല്യാണി അഭിനയിച്ച ഹലോ എന്ന ചിത്രം വിജയം നേടുകയും കല്യാണിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും ഒന്നിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.
മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് കല്യാണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സംവിധാനം അച്ഛന്‍, ഒപ്പം അഭിനയിക്കുന്നത് ഉറ്റ തോഴന്‍ പ്രണവ് മോഹന്‍ലാലും. നായകനോ മോഹന്‍ലാലും. ഇപ്പോളിതാ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാകുമ്പോള്‍ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയുടെ വിശേഷങ്ങള്‍ കല്ല്യാണി പങ്കുവച്ചത്.എല്ലാ കാര്യങ്ങളും വളരെ സ്വാഭാവികമായി കൈകാര്യം ചെയ്യുന്ന ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് കല്യാണി പറയുന്നു. ലാല്‍ അങ്കിളിന്റെ ജീന്‍ തന്നെയാണ്. ഒരു പ്രാവശ്യം കേള്‍ക്കുമ്പോള്‍ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും. ഇത് തന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും കല്യാണി പറയുന്നു. അച്ഛന്റെ മുന്നില്‍ അഭിനയിക്കുന്നത് ഏറ്റവും പേടിക്കുന്ന അനുഭവമാണ്. തനിക്ക് പേടിയുണ്ടെന്ന് വ്യക്തമായിരുന്നു. പക്ഷെ രസകരമായ കാര്യം 90ലധികം സിനിമകള്‍ ചെയ്ത അച്ഛനും തന്നെപോലെതന്നെ നേര്‍വസ് ആയിരുന്നു എന്നതാണെന്നു കല്യാണി പറയുന്നു. ഞങ്ങള്‍ ഒന്നിച്ചുള്ള സിനിമയില്‍ ഇരുവരും ഒരുപോലെ നെര്‍വസ് ആയിരിക്കുമെന്ന് അച്ഛന് അറിയാമായിരുന്നു. അതുകൊണ്ട് അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് മറ്റ് സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണമെന്നും താന്‍ ക്യാമറയുമായി കംഫര്‍ട്ടബിള്‍ ആകണമെന്ന് അച്ഛനു നിര്‍ബന്ധമുണ്ടായിരുന്നതായിും കല്യാണി പറയുന്നു.
'ലാല്‍ മാമന്‍ വൈകിയാണ് ചിത്രീകരണത്തില്‍ ചേര്‍ന്നത്. തങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല കാരണം തങ്ങളുടെ ഭാഗങ്ങള്‍ ഭൂതകാലത്തിലാണ് നടക്കുന്നത്. അപ്പുച്ചേട്ടനും (പ്രണവ് മോഹന്‍ലാല്‍) താനും കളിക്കൂട്ടുകാരാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വളരെ നാച്യുറല്‍ ആയ ഒരാളാണ് അപ്പുച്ചേട്ടന്‍. ഇതൊരു പിരീഡ് സിനിമ ആയതുകൊണ്ട് ഉപയോഗിക്കുന്ന ഡയലോഗുകളൊന്നും നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതു പോലെയല്ലെന്നും തന്നെ സംബന്ധിച്ച് അതോര്‍ത്തുവെയ്ക്കല്‍ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പുച്ചേട്ടന്‍ ഒറ്റതവണ കേള്‍ക്കുമ്പോള്‍ തന്നെ അതെല്ലാം ഓര്‍ത്തുവെയ്ക്കുമെന്നും കല്യാണി പറയുന്നു.