വൈദ്യം എന്നത് മാനവകുലത്തിന് കനിഞ്ഞു നല്‍കിയ വരദാനമാണ്. വൈദ്യം എന്തെന്നും ഉത്തമ വൈദ്യന്‍ എപ്രകാരമായിരിക്കണമെന്നും ആരോഗ്യ രംഗത്ത് പോലും കച്ചവടം മാത്രം മുന്നില്‍ കാണുന്ന ഇന്നത്തെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ചിത്രമാണ് ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍. നവാഗതനായ ബിജു മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്.
നിഷ്‌കളങ്കതയുടെ പര്യായം എന്ന് വിശേഷിപ്പിക്കാവുന്ന ഐക്കരക്കോണം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കഥയില്‍ ഒരുപിടി മികച്ച കലാകാരന്മാരെ അവതരിപ്പിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. കുടുംബ ബന്ധത്തിന്റെ സ്നേഹവും ഐക്യവും ത്യാഗവും മുതല്‍ പ്രണയത്തിന്റെ മഞ്ഞു കണങ്ങള്‍ വരെ ഒരു വര്‍ഷം കടന്നു വരുന്ന പല ഋതുക്കള്‍ പോലെ സിനിമ നമുക്ക് സമ്മാനിക്കുന്നു. പാലക്കാട് സ്വദേശിയായ വിപിനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗായകനും നര്‍ത്തകനുമായ വിപിന്‍ മികച്ച പ്രകടനം തന്നെ സിനിമയില്‍ കാഴ്ച്ചവെച്ചിട്ടുണ്ട്.
മഴവില്‍ മനോരമയില്‍ അവതാരകയായി തുടങ്ങി തെന്നിന്ത്യന്‍ സിനിമയിലേക്ക് ചേക്കേറിയ മിയശ്രീയാണ് ചിത്രത്തിലെ നായിക. രണ്ട് തമിഴ് സിനിമയില്‍ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് മിയ തിരികെ വരുന്ന ചിത്രമാണിത്. മിയ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ആനന്ദി എന്ന കഥാപാത്രം മികവിന് ഒട്ടും മങ്ങല്‍ വരാതെ അവതരിപ്പിക്കാന്‍ മിയയ്ക്ക് സാധിച്ചിട്ടുണ്ട്.
സിനിമയില്‍ സഹനായകനായി എത്തിയ സമര്‍ത്ഥും സഹനായികയായി വന്ന ഹൃദ്യയും മുതല്‍ സിനിമയില്‍ അണിനിരന്ന സീന്‍സീര്‍ മുഹമ്മദ്, മുകേഷ് എം നായര്‍, ലക്ഷമി അതുല്‍, ശ്യാം കുറുപ്പ്, ജോണ്‍സണ്‍ ഇരിങ്ങോള്‍, ബേസില്‍ ജോസ്, പ്രഭിരാജ്, നടരാജന്‍, നിഷ, ജോസഫ്, കവിതാ ശ്യാം, അതുല്‍, ആഷിഖ്, ഹരികുമാര്‍, ആകാശ് എന്നിവര്‍ മികച്ച രീതിയില്‍ തന്നെ അവരരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ലാലു അലക്സ്, സുനില്‍ സുഖദ, കോട്ടയം പ്രദീപ്, പാഷാണം ഷാജി, സന്തോഷ്് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, ജാഫര്‍ ഇടുക്കി, ലീലാ കൃഷ്ണന്‍, സീമാ ജി നായര്‍ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പ്.
കണ്ടു പരിചയിച്ച കഥകളുടെ ആവര്‍ത്തനമോ ?
നാം കണ്ടു ശീലിച്ച കഥയും കഥാസന്ദര്‍ഭങ്ങളും പുതിയ ചരടില്‍ വലിച്ച് കെട്ടി വരുന്ന ചിത്രമാണോ ഇതെന്ന് കണ്ടിറങ്ങുന്നവര്‍ക്ക് തോന്നാം. ആരോഗ്യ രംഗത്ത് കച്ചവട വത്കരിക്കപ്പെടുന്ന ലോകത്തെ വരച്ചു കാട്ടുന്ന സിനിമകള്‍ നാം മുന്‍പും കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഈ ചിത്രം പറഞ്ഞു പോകുന്ന കഥ എന്തെന്ന സംശയം തോന്നാം. ആയുര്‍വേദത്തിന്റെ മികവും വൈദ്യം എന്നത് പണത്തിന് വേണ്ടി ചെയ്യേണ്ട ഒന്നല്ലെന്നും കഥ വളരെ ലളിതമായി തന്നെ പറയുന്നുണ്ട്. കൊമേഷ്യല്‍ ചിത്രങ്ങള്‍ക്ക് മുന്നില്‍ ഈ സിനിമയ്ക്ക് എത്രത്തോളം പിടിച്ച് നിന്ന് പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിയും എന്നതും ചോദ്യ ചിഹ്നമാണ്. വിശദമായി നിരീക്ഷിക്കാനോ ഇഴകീറി പരിശോധിച്ച് വിലയിരുത്താനോ അധികം ഘടകങ്ങള്‍ ചിത്രത്തില്‍ വരുന്നില്ല. കണ്ടിറങ്ങുന്നവര്‍ക്ക് ഒരു പ്രാര്‍ത്ഥന മനസില്‍ തോന്നുമെന്ന് ഉറപ്പ്. ആരോഗ്യപൂര്‍ണ്ണമായ ജീവിതമാണ് ഏറ്റവും വലുത്. അതിലും വലുതായി ഒന്നുമില്ല.
വിമര്‍ശിക്കുന്നവര്‍ക്കല്ല ഈ സിനിമ സ്വീകരിക്കുവര്‍ക്കുള്ളത്
എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്നവര്‍ക്ക് സിനിമ ഒട്ടും ചേരില്ല. പുതുമുഖങ്ങളുടെ പ്രയത്നത്തിന്റെ ഗുണവും പോരായ്മകളും ഉള്ള ചിത്രത്തെ അതേ മനസോടെ കണ്ടിരുന്നാല്‍ മാത്രമേ ഈ ചിത്രത്തേയും പ്രേക്ഷകന് സ്വീകരിക്കാന്‍ സാധിക്കൂ. അതും മനസില്‍ ചിന്തിച്ച് ഐക്കരകോണത്തെ വിശേഷങ്ങള്‍ അറിയുവാന്‍ പോവുക.......