ബോളിവുഡ് താരം ഇർഫാൻ ഖാൻ(53) അന്തരിച്ചു. വൻകുടലിന് ഉണ്ടായ അണുബാധയുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ മുംബൈയിലെ കോകിലാബെന് ധീരുഭായ് അംബാനി ആശുപത്രിൽ ചികിത്സയിൽ കഴിയുകയായിരുന്നു. താരത്തിന്റെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് വന്നത്.
പിന്നാലെ അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. അതേ സമയം 2018ൽ താരം എൻഡോക്രൈൻ ട്യൂബർ ബാധിതനാകുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചികിത്സയുടെ ഭാഗമായി അദ്ദേഹം വിദേശത്ത് കഴിയുകയായിരുന്നു. എന്നാൽ രോഗബാധിതനായ ഇർഫാൻ ഖാൻ ഒരു വര്ഷത്തിലധികമായി സിനിമ മേഖലയിൽ സജീവമായിരുന്നില്ല.
താരത്തിന്റെ മാതാവ് സയീദ ബീദം ഈ ആഴ്ച ആദ്യമാണ് അന്തരിച്ചത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ താരത്തിന് ശവസംസ്കാര ചടങ്ങുകളിൽ ഭാഗമാകാനും സാധിച്ചിരുന്നില്ല.'ചാണക്യ', 'ചന്ദ്രകാന്ത' തുടങ്ങിയ സീരിയലുകളിലൂടെയാണ് അദ്ദേഹം തന്റെ കരിയറിന് തുടക്കം കുറിച്ചിരുന്നത്. പിന്നാലെ 1988 ൽ മീര നായർ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിൽ വേഷമിടുകയും ചെയ്‌തു. 2003 ൽ അശ്വിൻ കുമാർ സംവിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം നിരവധി പുരസ്കാരങ്ങൾക്കും അർഹനായിരുന്നു.