മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് സന്തോഷ് ശിവൻ. സംവിധായകന്‍, ഛായാഗ്രാഹകന്‍, അഭിനേതാവ് എന്നീ നിലകളിൽ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. പ്രേക്ഷക ഹൃദയത്തില്‍ സന്തോഷ് ശിവന്‍ കാലത്തെ അടയാളപ്പെടുത്തുന്നതില്‍ ഏറെ മികവ് കാണിക്കുന്ന ഛായാഗ്രാഹകന്‍ എന്ന നിലയിലാണ് ഇടം പിടിക്കുന്നത്. എന്നാൽ സന്തോഷ് ശിവന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളായിരുന്നു യോദ്ധയും കാലാപാനിയും. ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചില ഓര്‍മ്മകള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കിടുകയാണ് സന്തോഷ് ശിവന്‍.
കാലാപാനി എന്ന സിനിമ ഷൂട്ട് ചെയ്തത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലായിരുന്നു. അവിടേക്ക് സിനിമയുടെ പ്രോപ്പര്‍ട്ടികളുമായി പോയ കപ്പല്‍ മുന്നില്‍ നിന്നു കത്തുന്നത് കാണേണ്ടി വന്നു. പിന്നീട് രണ്ടാമത് സിനിമയ്ക്കായുള്ള സാധനങ്ങള്‍ എത്തിക്കേണ്ടി വന്നു. അപ്പോഴാണ് അവിടെയുള്ളവര്‍ ആദ്യമായി കുതിരയെ കാണുന്നത്. പിന്നീട് ആ കുതിരയെ അവിടെത്തന്നെ നിര്‍ത്തി. അവിടെയുള്ളവര്‍ക്ക് കുതിരയെ വലിയ ഇഷ്ടമായി എന്നു തോന്നുന്നു.
ഒരിക്കല്‍ ഷൂട്ടിനായി ആദിവാസികള്‍ മാത്രം താമസിക്കുന്ന ഒറ്റപ്പെട്ട ഒരു ദ്വീപില്‍ പോയി. കടലില്‍ കുറേ നേരം സഞ്ചരിച്ച് പിന്നെ ചെറുബോട്ടുകളിലാണ് തീരത്തെത്തിയത്. അവിടെ നിന്ന് പിന്നെയും കിലോമീറ്ററുകള്‍ നടക്കേണ്ടിയിരുന്നു. മോഹന്‍ലാലും പ്രഭുവും ഉള്‍പ്പെടെ ക്രൂ മൂഴുവനും ഈ ദൂരമത്രയും നടന്നാണ് പോയത്. പ്രഭു ഒരു സ്റ്റൂളും കൈയില്‍ കരുതിയിരുന്നു. ഇടയ്ക്ക് വിശ്രമിക്കാന്‍ ഈ സ്റ്റൂളില്‍ ഇരിക്കുമായിരുന്നു.
സിനിമയില്‍ ഒരു രംഗത്തില്‍ ഒരു ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിയ്ക്കുന്ന ഒരു രംഗമുണ്ട്. അത് യഥാര്‍ത്ഥത്തില്‍ ചെയ്തതാണ്. ആ സ്ത്രീയോട് അടിയ്ക്കാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ ചിരിച്ചുകൊണ്ട് ലാല്‍ സാറിന്റെ കരണക്കുറ്റിക്ക് തന്നെ അടിയ്ക്കുകയായിരുന്നു. അന്ന് അദ്ദേഹം വേദന കൊണ്ട് പുളഞ്ഞു പോയി. മീന്‍ പിടിക്കുന്ന കൂട്ടരല്ലേ, അവരുടെ കൈയ്ക്ക് നല്ല ബലം കാണും. ആ അടിയുടെ കാര്യം ഞാന്‍ അടുത്തിടെ കണ്ടപ്പോഴും ലാല്‍ സാറിനോട് ചോദിച്ചിരുന്നു. അദ്ദേഹത്തിന് അത് ഇന്നും നല്ല ഓര്‍മ്മയുണ്ട്. ഇത്രയും വേദനയെടുത്ത ഒരു സന്ദര്‍ഭം ആരെങ്കിലും മറക്കുമോ?
യോദ്ധയുടെ ഷൂട്ടിങ്ങ് സമയത്ത് ഞാനും ലാല്‍ സാറും ഭക്ഷണം കഴിയ്ക്കാന്‍ പുറത്തുപോകുമായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും കൈയില്‍ കാശുണ്ടാകാറില്ല. ഭക്ഷണമൊക്കെ കഴിച്ച് ബില്‍ തരുമ്പോള്‍ പൈസയില്ല എന്നു പറഞ്ഞ് ഞങ്ങള്‍ മുങ്ങും. എന്നിട്ട് ലാല്‍ സാര്‍ പറയും, അവര്‍ നമ്മളെ കണ്ടുപിടിയ്ക്കട്ടെ എന്ന്. അങ്ങനെ ഹോട്ടലുകാര്‍ കണ്ടുപിടിച്ച സംഭവമൊക്കെ ഉണ്ടായിട്ടുണ്ട്.
ദളപതിയുടെ ഷൂട്ടിന്റെ സമയത്ത് മമ്മൂട്ടി എന്നെ പാര എന്ന് വിളിക്കുമായിരുന്നു. തമാശയായിട്ടായിരുന്നു അന്ന് അങ്ങനെ പറഞ്ഞത്. തിരുവനന്തപുരത്ത് നിന്നുള്ള ഒരു പാര എന്നായിരുന്നു എന്നെ വിശേഷിപ്പിച്ചിരുന്നത്. ആ പാര എന്ന വാക്ക് എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടാണ് ആ വാക്ക് യോദ്ധയില്‍ ഉപയോഗിച്ചത്.' സന്തോഷ് ശിവന്‍ പറയുന്നു.