പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഒരുക്കുന്ന "ഹംഗാമ 2" ഈ മാസം 23 ന് ഒ ടി ടി യില്‍ റിലീസാകുകയാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ സംഗീത സംവിധായകന്‍ റോണി റാഫേല്‍ തനിക്ക് കിട്ടിയ ആ സൗഭാഗ്യത്തിന്‍റെ വിശേഷം ആദ്യമായി തുറന്നുപറയുന്നു.
അനുഗ്രഹീത സംഗീത പ്രതിഭ ഒ വി റാഫേലിന്‍റെ മകന്‍ റോണി റാഫേല്‍ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. മലയാള ചലച്ചിത്ര സംഗീത സംവിധാനരംഗത്ത് ഏതൊരാള്‍ക്കും സ്വപ്നം കാണാന്‍ കഴിയുന്ന വലിയൊരു നേട്ടത്തിന്‍റെ ആഹ്ളാദത്തിലാണ് റോണി റാഫേല്‍. അപ്രതീക്ഷിതമായി തന്‍റെ ജീവിതത്തില്‍ വന്ന ഈ വലിയ നേട്ടത്തിന് പിന്നില്‍ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് റോണി റാഫേല്‍ പറയുന്നു. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ്ബജറ്റ് ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം അഞ്ചുഭാഷകളില്‍ റിലീസിന് ഒരുങ്ങിയപ്പോള്‍ ചിത്രത്തിലെ അഞ്ച് ഗാനങ്ങള്‍ക്കും സംഗീതം നിര്‍വ്വഹിച്ചത് റോണി റാഫേലാണ്.ഇപ്പോഴിതാ പ്രിയദര്‍ശനൊരുക്കുന്ന മറ്റൊരു വിസ്മയക്കാഴ്ചയായ ബോളിവുഡ് ചിത്രം ഹംഗാമ 2 ന് പശ്ചാത്തല സംഗീതമൊരുക്കി റോണി റാഫേല്‍ ശ്രദ്ധേയനാകുന്നു.
'പ്രിയന്‍ സാറിന്‍റെ ഹിന്ദി ചിത്രം സീ 5 ല്‍ റിലീസ് ചെയ്ത 40 മിനിട്ടുള്ള 'അനാമിക'യ്ക്ക് വേണ്ടി സംഗീതം നിര്‍വ്വഹിച്ചപ്പോഴാണ് മരയ്ക്കാറിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കാന്‍ പ്രിയന്‍സാര്‍ എനിക്ക് അവസരം നല്‍കിയത്. പ്രിയന്‍സാറിലേക്ക് ഞാന്‍ അടുക്കുന്നത് എം ജി ശ്രീകുമാര്‍ചേട്ടന്‍ വഴിയാണ്. അതുപോലെ തന്നെ എം ജി രാധാകൃഷ്ണന്‍ ചേട്ടന്‍റെ മകന്‍ രാജകൃഷ്ണനും എനിക്കേറെ സഹായകമായി നിന്നിട്ടുണ്ട്.' റോണി റാഫേല്‍ പറഞ്ഞുതുടങ്ങി. മരയ്ക്കാറിലെ പാട്ടുകള്‍ക്ക് ഈണം നല്‍കണമെന്ന് പ്രിയന്‍സാര്‍ പറഞ്ഞത് കേട്ടപ്പോള്‍ അന്ന് അതെനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ പ്രിയന്‍സാര്‍ നല്ല സപ്പോര്‍ട്ട് നല്കി. ഗാനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട് പ്രിയന്‍സാറിന് . എല്ലാം കൃത്യമായിട്ട് പറഞ്ഞുതരും. മറ്റു സംവിധായകരില്‍ കാണാത്ത ഒട്ടേറെ സവിശേഷതകള്‍ ഇക്കാര്യങ്ങളില്‍ പ്രിയന്‍സാറിനുണ്ട്. ടെന്‍ഷനില്ലാതെ നമുക്ക് വര്‍ക്ക് ചെയ്യാം. എന്തുവേണം എന്തുവേണ്ട എന്ന് സാറിനറിയാം ഒട്ടും പേടി വേണ്ട.
സാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ നല്ല പോസിറ്റീവ് എനര്‍ജിയാണ്. അങ്ങനെയാണ് ഞാന്‍ മരയ്ക്കാറിലെ പാട്ടുകള്‍ ചെയ്തത്. അഞ്ച് ഭാഷകളിലുള്ള ചിത്രത്തിലെ അഞ്ച് പാട്ടുകള്‍ക്കും ഞാന്‍ തന്നെയാണ് സംഗീതമൊരുക്കിയത്. പ്രിയന്‍സാറിനൊപ്പം ഞാന്‍ അഞ്ച് ചിത്രങ്ങളില്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്തു. അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ പ്രിയന്‍സാര്‍ ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ഹംഗാമ 2' ന്‍റെ പശ്ചാത്തലസംഗീതമൊരുക്കാനും എനിക്ക് അവസരം കിട്ടി. 'ഹംഗാമ 2 ല്‍ വെസ്റ്റേണ്‍ സ്റ്റൈലിലാണ് സംഗീതം ഒരുക്കിയത്. എല്ലാം പ്രിയന്‍സാറിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അതുകൊണ്ടുതന്നെ ആ വര്‍ക്കും ഏറെ ആത്മവിശ്വാസത്തോടും സംതൃപ്തിയോടും കൂടി എനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ജീവിതത്തില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്.
ശരിക്കും ദൈവവിളിപോലെയാണ് പ്രിയന്‍സാര്‍ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ വലിയ ഉത്തരവാദിത്വം കൂടിയാണത്. അങ്ങനെ ജീവിതത്തില്‍ വലിയൊരു ടേണിങ് പോയിന്‍റ് എനിക്ക് ലഭിച്ചതില്‍ ഞാന്‍ ദൈവത്തിനോടും പ്രിയന്‍സാറിനോടും നന്ദി പറയുന്നു. ഞാന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനാകണമെന്ന് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. ദൈവം ഇന്നീ സൗഭാഗ്യങ്ങള്‍ തന്നപ്പോള്‍ അത് കാണാന്‍ അമ്മ കൂടെയില്ല. ഈ സന്തോഷത്തിനിടയിലും ആ ഒരു ദു:ഖം മാത്രം മനസ്സിലുണ്ട്. റോണി റാഫേല്‍ പറഞ്ഞു. ഒട്ടേറെ പുതിയ പ്രോജക്റ്റുകള്‍ എന്നെത്തേടിയെത്തിയിട്ടുണ്ട്. എല്ലാം സന്തോഷത്തിന്‍റെ വഴികള്‍, അനുഗ്രഹത്തിന്‍റെ വഴികള്‍ റോണി റാഫേല്‍ പറഞ്ഞു.
1994 ല്‍ റിലീസ് ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മിന്നാരത്തിന്‍റെ റീമേക്കാണ് ഹംഗാമ 2. മോഹന്‍ലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഹംഗാമ 2 ന്‍റെ കഥ വികസിക്കുന്നത്. ജൂലൈ 23 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്‍റെ അവകാശം സ്വന്തമാക്കിയത്.