പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയില്‍' റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ എത്തിയിരുന്നു. തുടക്കം മുതല്‍ അവസാനം വരെ ചിരിയുടെ പൂരം സമ്മാനിക്കുന്ന ഗംഭീര ഫണ്‍ ഫാമിലി എന്റര്‍ടൈയ്‌നറാണ് ഗുരുവായൂരമ്പല നടയില്‍ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 'ജയ ജയ ജയ ജയഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തില്‍ തന്നെയും ഒരു വേഷം ചെയ്യാന്‍ വിപിന്‍ വിളിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. തമിഴ് നടന്‍ യോഗി ബാബു ചെയ്ത കഥാപാത്രം ചെയ്യാന്‍ തന്നെയാണ് ആദ്യം വിളിച്ചതെന്നാണ് ധ്യാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 'കുടുംബസ്ത്രീയും കുഞ്ഞാടും' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിടെയാണ് ഇക്കാര്യം താരം പറയുന്നത്.
ഇനി ഞാനും ബേസില്‍ ജോസഫുമായി ഒരുമിച്ച് ഒരു സിനിമ നിര്‍മ്മിക്കും. 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രം ഹിറ്റായതില്‍ സന്തോഷം. എന്നെ അതിലെ ഒരു കഥാപാത്രം ചെയ്യാന്‍ വിളിച്ചിരുന്നു. യോഗി ബാബു ചെയ്ത കഥാപാത്രത്തിന് വേണ്ടിയായിരുന്നുവെന്നാണ് തോന്നുന്നത്. പക്ഷേ വിപിന്‍ വിളിച്ച സമയത്ത് അത് ചെയ്യാന്‍ പറ്റിയില്ല. കാരണം വേറെ സിനിമ ഉണ്ടായിരുന്നു അതാണ്', ധ്യാന്‍ വ്യക്തമാക്കി.