താന്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ പറഞ്ഞിരുന്നത് എന്ന് ധ്യാന്‍ ശ്രീനിവാസന്‍. എന്‍ജിനീയറിങ് പാസാവാത്ത താന്‍ എങ്ങനെ സിനിമ പോലെ വിശാലമായ മേഖലയെ അതിജീവിക്കും എന്നായിരുന്നു ശ്രീനിവാസന്റെ സംശയമെന്നും താരം തുറന്ന് പറഞ്ഞു. അച്ഛന്റെ സംശയങ്ങളും ആശങ്കകളും മനസിലായത് സിനിമ എടുക്കാന്‍ ഇറങ്ങിപുറപ്പെട്ടപ്പോഴാണ്. ആ ബുദ്ധിമുട്ടുകളൊക്കെ അറിയുന്നതുകൊണ്ടാവണം ഞങ്ങള്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന് വലിയ താല്‍പര്യമില്ലായിരുന്നത്. സിനിമ അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് ഞങ്ങള്‍ രണ്ടുപേരോടും അച്ഛന്‍ പണ്ട് സംസാരിച്ചിട്ടുള്ളത്. ബിടെക്ക് ഡ്രോപ്പൗട്ട് ആയപ്പോള്‍ പെട്ടിയും കിടക്കയുമെടുത്ത് വിട്ടോളാനാണ് അച്ഛന്‍ പറഞ്ഞതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
അഭിനയത്തിലും തിരക്കഥയിലും തന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ധ്യാന്‍ സംവിധാനരംഗത്തേക്ക് ഇറങ്ങിയത്. അച്ഛന്റേയും ചേട്ടന്റേയും പോലെ എല്ലാ മേഖലയിലും വിജയക്കൊടി പാറിക്കുകയാണ് താരമിപ്പോള്‍. ലവ് ആക്ഷന്‍ ഡ്രാമ മികച്ച വിജയം നേടി മുന്നേറുന്ന അവസരത്തിലാണ് ധ്യാന്‍ തന്റെ അച്ഛന്‍ തന്നെപ്പറ്റി പറഞ്ഞതൊക്കെ വെളിപ്പെടുത്തുന്നത്. നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഓണം റിലീസായാണ് തിയറ്ററില്‍ എത്തിയത്. അജു വര്‍ഗീസാണ് ചിത്രം നിര്‍മിച്ചത്.