അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും അഭിനയിച്ച 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' തിയേറ്ററുകളിലെത്താന്‍ മൂന്ന് മാസം ശേഷിക്കെ, ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
പൃഥ്വിരാജും ഈ സിനിമയുടെ ഭാഗമാകുന്നുവെന്നതാണ് മലയാളികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ടീസറില്‍ പൃഥ്വിയുടെ മുഖം കാണിക്കുന്നില്ല. ശബ്ദം കൊണ്ട് സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ചിത്രത്തില്‍ പൃഥ്വി വില്ലനായിട്ടാണ് എത്തുന്നതെന്ന സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.
പൃഥ്വിയുടെ ഇന്‍ട്രോ തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. 'പ്രളയം സര്‍വനാശം വിതയ്ക്കുന്ന മഹാപ്രളയം' എന്ന് പറഞ്ഞുകൊണ്ട് മലയാളത്തില്‍ ആരംഭിക്കുന്ന ടീസര്‍ പിന്നീട് ഹിന്ദിയിലേക്ക് പോകുകയാണ്.
ഇന്ത്യയ്ക്ക് മേല്‍ വരാനിരിക്കുന്ന അപകടത്തെക്കുറിച്ചാണ് പൃഥ്വിയുടെ വിവരണം. സിനിമയില്‍ പട്ടാളക്കാരായിട്ടാണ് അക്ഷയ് കുമാറും ടൈഗര്‍ ഷ്റോഫും എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയിരിക്കുന്ന ടീസര്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ വൈറലായി.