അർജുൻ കപൂറിന് വെറും 11 വയസ്സുള്ളപ്പോഴാണ് ബോണി കപൂർ താരറാണി ശ്രീദേവിയെ വിവാഹം ചെയ്തത്. രണ്ടാനമ്മയുമായി പൊരുത്തപ്പെട്ടു പോകാൻ അർജുന് ഇഷ്ടമായിരുനന്നില്ല താനും. ഇതിനിടെ 2015 ലാണ് ബോണികപൂറിന്റെ ആദ്യ ഭാര്യ മോന കപൂർ ക്യാൻസർ ബാധിച്ച് മരിക്കുന്നത്. അർജുന് അമ്മയെ ജീവനായിരുന്നു.
അതുകൊണ്ടു തന്നെ അമ്മയുടെ മരണശേഷം അച്ഛന്റെ സംരക്ഷണത്തിൽ കഴിയാൻ അർജുനും സഹോദരി അൻഷുലയും കൂട്ടാക്കിയിരുന്നില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാൻവിയും ഖുശിയും തന്റെ സഹോദരങ്ങൾ അല്ലെന്നുമാണ് അർജുൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. സ്പോട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിൽ അർജുൻ മാറിയ കുടുംബ സാഹചര്യങ്ങളെക്കുറിച്ച് പങ്കുവെച്ചു.
ശ്രീദേവിയുടെ മരണ ശേഷം അർജുൻ ആകെ മാറി. മരണവാർത്ത അറിഞ്ഞയുടനെ തന്നെ ദുബായിലെത്തി സഹോദരിമാരെ ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ശരീരം നാട്ടിലെത്തിക്കാൻ അച്ഛനെ സഹായിക്കുകയും ചെയ്തു. അൻഷുലയ്ക്കൊപ്പം ജാൻവിയെയും ഖുശിയെയും ചേർത്ത് നിർത്തിയതിന് ആരാധകരിൽ നിന്ന് കിട്ടിയത പ്രതിഫലം നായകപരിവേഷമായിരുന്നു. എന്നാൽ അർജുൻ തനിക്ക് ആരുടേയും നായകനാകണ്ടന്നും താൻ വെറും സാധാരണക്കാരനാണെന്നുമായിരുന്നു പ്രതികരിച്ചത്.
മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അതേപടി ചെയ്യുന്ന ഒരാളാണ് ഞാൻ. ശരിയെന്ന് തോന്നുന്നത് ചെയ്യും. അതിന് വിപരീതഫലമാണ് ലഭിക്കുന്നത് എങ്കിൽ പോലും എനിക്ക് കുറ്റബോധം തോന്നാറില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇതു തന്നെയായിരിക്കും. കാരണം അമ്മ അച്ഛനെ വല്ലാതെ സ്നേഹിച്ചിരുന്നു. അദ്ദേഹം ദുഃഖിക്കുന്നത് കാണാൻ അവർ ആഗ്രഹിച്ചിരുന്നില്ല. കഷ്ടപ്പെടുന്ന അവസ്ഥയിൽ അദ്ദേഹത്തോടൊപ്പം ഞാൻ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോൾ ഞാൻ വല്ലാതെ തളർന്നു പോയി. അൻഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം അർജുൻ പറഞ്ഞു.
ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകൾ അർജുൻ നിറവേറ്റിയപ്പോൾ സഹോദരിമാർക്ക് താങ്ങും തണലുമായി നിൽക്കുകയായിരുന്നു അൻഷുല. അർജുന്റെയും അൻഷുലയുടെയും പിന്തുണയും സ്നേഹവും തനിക്കും മക്കൾക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂർ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പിൽ പറയുന്നു.