Latest News

ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്.

Malayalilife
ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്.

ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ചാണ് കേസ്. മുസാഫര്‍പൂറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ജനുവരി 8ന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

ഡോ മന്‍മോഹന്‍സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രധാന ഏടുകള്‍ പ്രമേയമാകുന്ന ചിത്രത്തില്‍ അദ്ദേഹമായി സ്‌ക്രീനിലെത്തുന്ന അനുപം ഖേറിനെതിരെയും മുന്‍പ്രധാനമന്ത്രിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവും ചിത്രത്തിനു ആധാരമായ പുസ്തകത്തിന്റെ രചയിതാവുമായ സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്നക്കെതിരെയും പരാതിയുണ്ട്. ചിത്രത്തിന്റെ സംവിധായകനായ വിജയ് ഗുട്ടെ, നിര്‍മാതാക്കള്‍ എന്നിവരും സോണിയാഗാന്ധിയായെത്തുന്ന സൂസന്‍ ബര്‍നേര്‍ട്ട്, രാഹുല്‍ ഗാന്ധിയാകുന്ന അര്‍ജുന്‍ മാത്തൂര്‍ എന്നിവര്‍ക്കെതിരായും പരാതിയുണ്ട്. സുധീര്‍ കുമാര്‍ ഓജ എന്ന വക്കീലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ജനുവരി 11ന് റിലീസാകാനിരിക്കെയാണ് ചിത്രം വീണ്ടും വിവാദമാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹത്തിലെ പരമോന്നത പദവിയിലിരിക്കുന്ന പലരേയും മോശമായി ചിത്രീകരിക്കുന്ന തരത്തിലാണെന്ന് പരാതിയില്‍ പറയുന്നു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ്, ബിഎസ്പി അധ്യക്ഷ മായാവതി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയ്, മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനി എന്നീ രാഷ്ട്രീയ നേതാക്കളെയും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. രാഷ്ട്രീയ സ്പര്‍ധ വളര്‍ത്തി സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നു കാണിച്ച്‌ ഐ പി സി 295, 153, 153 എ, 293, 504, 120 ബി എന്നീ സെക്ഷനുകള്‍ പ്രകാരമാണ് പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്.

Anupam Kher on-The Accidental Prime Minister

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES