മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് കല്യാണി പ്രിയദർശൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറപ്രവർത്തകർ ലൈവിലെത്തി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവർത്തകരും എല്ലാം ഉണ്ടായിരുന്നുവെങ്കിലും പ്രണവ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ലൈവ് കണ്ട പ്രേക്ഷകരിൽ ഏറെയും പ്രണവിനെ തിരക്കിയപ്പോൾ കല്യാണി പ്രിയദർശൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
'എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്. അവർക്ക് അറിയേണ്ടതും അത് മാത്രമാണ്. എന്റെ അഭിമുഖങ്ങളെല്ലാം പ്രണവിനെ കുറിച്ച് പറയാൻ വേണ്ടി മാത്രമുള്ളതുപോലെയാണ്. എന്റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത് ഞാൻ ആദ്യം നൽകിയ അഭിമുഖത്തിൽ പോലും അവർ ചോദിച്ചത് ഏറെയും പ്രണവിനെ കുറിച്ചാണ്. മാത്രമല്ല എല്ലാവർഷവും ഞാനും പ്രണവും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിൽ ഞങ്ങളുടെ ഫോട്ടോകൾ വെച്ച് വാർത്തകളും വരാറുണ്ട്. അവൻ അഭിമുഖങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി നടക്കുകയാണ്.'
'അവൻ ഭയങ്കര നിഷ്കളങ്കനാണ്, വിനയമുള്ളവനാണ് എന്നൊക്കെയാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ അവൻ അത്ര നല്ലകുട്ടിയൊന്നുമല്ല. അവനെ കുറിച്ച് ആളുകൾക്കുള്ള ആ ചിന്ത മാറ്റണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അവനെപ്പോലെ മോശമായ ഒരു കോ-സ്റ്റാർ വെറെയുണ്ടാവില്ല. സെറ്റിൽ വരുമ്പോൾ ഒരു ഡയലോഗ് പോലും ഓർമയുണ്ടാവില്ല. കൂടാതെ ലേറ്റും ആയിരിക്കും. അവന്റെ കൂടെ വർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്' കല്യാണി പറയുന്നു. പ്രണവിനെ കുറിച്ച് ആളുകൾ പറയുന്ന ഡയലോഗുകൾ മാറ്റി പറയിപ്പിക്കാൻ എല്ലാവരും ഒപ്പം നിൽക്കണമെന്നു് കല്യാണി ആവശ്യപ്പെടുമ്പോൾ താൻ ഉറപ്പായും കൂടെയുണ്ടാകുമെന്ന് ദർശന കല്യാണിക്ക് ഉറപ്പ് നൽകുന്നുണ്ട്. ഇതുവരെ രണ്ട് സിനിമകളിലാണ് പ്രണവും കല്യാണിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. മരക്കാർ അറബിക്കടലിന്റെ സിംഹമായിരുന്നു ആദ്യത്തേത്. പിന്നീട് ഇരുവരും ജോഡികളായി എത്തിയ സിനിമയാണ് ഹൃദയം. തല്ലുമാലയാണ് ഇനി റിലീസിനെത്താനുള്ള കല്യാണി പ്രിയദർശൻ സിനിമ.