കരിയറിന്റെ തുടക്കത്തില്‍ ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന് നേരിട്ട തിരിച്ചടികള്‍ മൂലം പഠനം പോലും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന്‍ അഭിഷേക് ബച്ചന്‍. ഒരു ഘട്ടത്തില്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) പാപ്പരായപ്പോള്‍ അദ്ദേഹത്തിന് കാര്യമായ തിരിച്ചടി നേരിട്ടു. ഈ കാരണത്താല്‍ അദ്ദേഹത്തിന് 90 കോടി രൂപയുടെ കടബാധ്യതയുണ്ടായി.
ആ സമയം വിദേശത്തായിരുന്ന താന്‍ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നുവെന്നും ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ പോലും പിതാവ് ബുദ്ധിമുട്ടിയിരുന്നുവെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു. യുട്യൂബറായ രണ്‍വീര്‍ അലഹ്ബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്നു. ആ സമയം പിതാവ് സാമ്പത്തികമായി മോശം അവസ്ഥയിലൂടെ പോകുന്നത് മൂലം പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. പിതാവ് ഒരുനേരത്തെ ഭക്ഷണത്തിന് എന്ത് വഴി കണ്ടെത്തുമെന്ന് അറിയാതെ കഷ്ടപ്പെടുമ്പോള്‍ എനിക്ക് എങ്ങനെ ബോസ്റ്റണില്‍ പഠനം തുടരാന്‍ കഴിയും. വീട്ടിലെ അവസ്ഥ തീര്‍ത്തും മോശമായിരുന്നു. അക്കാര്യം പിതാവ് തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. സ്റ്റാഫിന്റെ കൈയില്‍നിന്ന് വരെ പണം കടം വാങ്ങിയാണ് അന്ന് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്,' അഭിഷേക് ബച്ചന്‍ പറഞ്ഞു.
ആ സമയം പിതാവിനൊപ്പം നില്‍ക്കേണ്ടത് തന്റെ കടമയാണെന്ന് തനിക്ക് തോന്നിയെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞു. 'ഞാന്‍ പിതാവിനെ വിളിച്ച് പഠനം നിര്‍ത്തി നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. അദ്ദേഹത്തെ പറ്റാവുന്നത് പോലെ സഹായിക്കാമെന്ന് കരുതി. ഒന്നുമില്ലെങ്കില്‍ നിങ്ങളുടെ മകനെങ്കിലും അരികിലുണ്ടല്ലോ എന്ന് അദ്ദേഹത്തിന് ആശ്വസിക്കാനെങ്കിലും കഴിയുമല്ലോ എന്നായിരുന്നു ചിന്ത,' അഭിഷേക് ബച്ചന്‍ പറഞ്ഞു.