എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന നടന്‍ ആസിഫ് അലിയുടെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആസിഫ് അലിയുടെ ഫാന്‍ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. കോളജിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ക്കൊപ്പം 'കട്ടയ്ക്കു' നിന്ന് ചുവടുവയ്ക്കുകയാണ് നടന്‍.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'കാസര്‍ഗോള്‍ഡ്' റിലീസിനൊരുങ്ങുകയാണ്. കാസര്‍ഗോള്‍ഡിന്റെ പ്രമോഷനു വേണ്ടിയാണ് ആസിഫ് അലി സെന്റ് തെരേസാസ് കോളജിലെത്തിയത്. കൂളിങ് ഗ്ലാസ് വച്ച് മാസ് ലുക്കില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വേദിയില്‍ തകര്‍ത്താടുകയാണ് ആസിഫ്. നിരവധി ആരാധകര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുന്നുമുണ്ട്.
മൃദുല്‍ നായര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാസര്‍ഗോള്‍ഡി'ല്‍ ആസിഫ് അലിക്കൊപ്പം സണ്ണി വെയ്ന്‍, വിനായകന്‍ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നുണ്ട്. സിദ്ദീഖ്, സമ്പത്ത് റാം, ദീപക് പറമ്പോല്‍, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മുഖരി എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍, സൂരജ് കുമാര്‍, റിന്നി ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിര്‍മിക്കുന്ന ചിത്രമാണ് 'കാസര്‍ഗോള്‍ഡ്'.