ദിലിപീനെ ചൊല്ലിയുള്ള വാഗ്വാദങ്ങള്‍ ഇനിയും അമ്മയില്‍ അവസാനിച്ചിട്ടില്ല. ദിലീപിനെതിരെയുള്ള നടിമാര്‍ എല്ലാം സംഘടനയ്ക്ക് പുറത്ത് പോയതിനാല്‍ തന്നെ ഇപ്പോള്‍ സംഘടയ്ക്ക് ഉള്ളില്‍ കാര്യമായ ശത്രുക്കള്‍ ദിലിപീന് ഇല്ല. അതേസമയം ദിലീപ് പരസ്യമായി തനിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നതില്‍ മോഹന്‍ലാലിന് വിഷമമുണ്ട്. ഇതിനാല്‍ തന്നെ രാജിക്കായുള്ള സൂചന നല്‍കിയാണ് ലാല്‍ ബാഴ്സലോണയില്‍ പോയിരിക്കുന്നത്.
അതേസമയം ലാല്‍ സ്ഥാനം ഒഴിഞ്ഞാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബുവും രാജി വച്ചേക്കുമെന്നാണ് വിവരം. മോഹന്‍ലാലിന്റെ അടുപ്പക്കാരന്‍ എന്ന നിലയിലാണ് ഇടവേള ബാബു ഭാരവാഹിയായത്. ഇതോടെ ജഗദീഷും സ്ഥാനം ഒഴിയുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അമ്മയില്‍ പിടിമുറുക്കാന്‍ സിദ്ദിഖും കൂട്ടരും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ജനറല്‍ ബോഡിയില്‍ ദിലീപ് അനുകൂല വികാരമുണ്ടാക്കി ഭാരവാഹിത്വങ്ങള്‍ പിടിച്ചെടുക്കാനാണ് നീക്കം എന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ അമ്മയുടെ ജനറല്‍ ബോഡിയില്‍ വനിതാ കൂട്ടായ്മയിലെ അംഗങ്ങളും നിലപാട് വിശദീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ദിലീപിനെ പുറത്താക്കിയതും രാജി എഴുതി വാങ്ങിയതും ശരിയായില്ലെന്നുമാണ് അവരുടെ നിലപാട്. പാര്‍വ്വതിയും പത്മപ്രിയയും രേവതിയും യോഗത്തിനെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ജനറല്‍ ബോഡിയില്‍ ഏറെ പ്രശ്നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് മോഹന്‍ലാല്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ലാല്‍ മാറിയാല്‍ പകരം നേതാവിനെ കണ്ടെത്താന്‍ അമ്മയ്ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകും. മമ്മൂട്ടിയും ഇന്നസെന്റും ഒന്നും നേതൃസ്ഥാനത്തേക്ക് വരാന്‍ തയ്യാറല്ല. ഇതോടെ അമ്മയുടെ നേതൃത്വം ദുര്‍ബലമാകുമെന്നും വിലയിരുത്തുന്നു. ദിലീപ് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ സിദ്ദിഖോ മറ്റോ പുതിയ പ്രസിഡന്റാകാനാണ് സാധ്യത.
കെപിഎസി ലളിതയുമൊത്ത് സിദ്ദിഖ് നടത്തിയ വാര്‍ത്താ സമ്മേളനമാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സംഘടനയുടെ എക്സിക്യൂട്ടീവ് മീറ്റിങ്ങിന് ശേഷം കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലും തന്റെ പേര് അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതായി മോഹന്‍ലാല്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ രാജിയല്ലാതെ പോംവഴികള്‍ ഇല്ല എന്നാണ് ഇപ്പോഴത്തെ ഭാരവാഹികളില്‍ ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ദിലീപ് അനുകൂലികളും ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ നീക്കങ്ങള്‍ നടത്തുന്നുണ്ട്.