പ്രളയത്തില്‍ തകര്‍ച്ച നേരിട്ട കേരളത്തിന്റെ നവകേരള നിര്‍മ്മിതിക്കായി താരസംഘടനയായ അമ്മയും ഏഷ്യാനെറ്റും ചേര്‍ന്ന് അബുദാബിയില്‍ സംഘടിപ്പിച്ച സ്റ്റേജ് ഷോ ഒന്നാണ് നമ്മളിന്റെ എഡിറ്റഡ് വേര്‍ഷന്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യും. ഡിസംബര്‍ ഏഴിന് അബുദാബി ആംഡ് ഫോര്‍സ് ഓഫീസേര്‍സ് ക്ലബിലാണ് വര്‍ണാഭമായ പരിപാടികളോടെ സ്‌റ്റേജ് ഷോ അരങ്ങേറിയത്. പരസ്യങ്ങള്‍ ഉള്‍പെടുത്തി എഡിറ്റ് ചെയ്താണ് രണ്ടു ഭാഗങ്ങളിലായിട്ടാണ് നാളെയും മറ്റന്നാളും ഏഴുമണിമുതല്‍ ഒന്നാണ് നമ്മള്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണത്തിനെത്തുന്നത്.
പ്രളയം തച്ചുടച്ച കേരളത്തെ സഹായിക്കാനാണ് ഏഷ്യാനെറ്റും സിനിമാ താര സംഘടനയായ അമ്മയും ചേര്‍ന്ന് അബുദാബിയില്‍ മെഗാഷോ ഒരുക്കിയത്. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് മലയാളികളാണ് അബുദാബിയില്‍ നടന്ന ഷോ ആസ്വദിക്കാനായി എത്തിയത്. 100 ദിര്‍ഹം മുതലായിരുന്നു ടിക്കറ്റ് നിരക്ക്. ഷോയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്് കൈമാറുക. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഷോ അരങ്ങിലെത്തിയതെന്നും പ്രത്യേകതയുണ്ട്. അതിനാല്‍ തന്നെ ഇതുവരെ കാണാത്ത കലാവിരുന്നാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ 60 കലാകാരന്മാരാണ് സ്റ്റേജ് ഷോയില്‍ പങ്കെടുത്തത്. പഞ്ചഭൂതം പ്രമേയമാക്കിയാണ് അഞ്ചുമണിക്കൂര്‍ നീളുന്ന ഷോ അണിയിച്ചൊരുക്കിയത്. മെഗാതാരങ്ങള്‍ അണിനിരന്ന സ്റ്റേജ് ഷോ സംവിധാനം ചെയ്തത് രാജീവ് കുമാറാണ്. സിനിമാഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനോപഹാരവും, സ്‌കിറ്റുകളും അടങ്ങുന്ന അഞ്ച് സെഗ്മെന്റുകളായാണ് പരിപാടി കൊഴുക്കുക. പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ മണിക്കൂറുള്ള അഞ്ച് ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തിയത്.
സൂപ്പര്‍ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, മുകേഷ്, ദുല്‍ഖര്‍ സല്‍മാന്‍, ജഗദീഷ്, ആസിഫ് അലി, ബിജു മേനോന്‍, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു, വിനീത്, രമേഷ് പിഷാരടി, ധര്‍മജന്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ടിനി ടോം, ജോജു ജോര്‍ജ്ജ്, സുരാജ് വെഞ്ഞാറമൂട്, കലാഭവന്‍ ഷാജോണ്‍, മാമുകോയ, മഞ്ജു വാര്യര്‍, ഹണിറോസ്, പ്രയാഗ മാര്‍ട്ടിന്‍, ആശാശരത്ത്, സംയുക്താ മേനോന്‍ ലക്ഷ്മി ഗോപാലസ്വാമി, ഷംന കാസിം, മിയ, ഇനിയ, റിമി ടോമി, മീരാ നന്ദന്‍, കെപിഎസി ലളിത തുടങ്ങി വന്‍ താരനിരയാണ് ഷോയില്‍ പങ്കെടുത്തത്. ഷോയുടെ ഓരോ പ്രമോയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
പാട്ടും, സ്‌കിറ്റും ഡാന്‍സുമൊക്കെയായി അപൂര്‍വ്വ ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒന്നാണ് നമ്മളിലൂടെ അമ്മ ഒരുക്കിയത്. മോഹന്‍ലാലും മഞ്ജുവാര്യരും ചേര്‍ന്ന് പാടുന്ന ഒടിയനിലെ കൊണ്ടോരാം ഗാനവും, മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നവതരിപ്പിച്ച അടിപൊളി സ്‌കിറ്റും, ജയറാമിന്റെ ചെണ്ടമേളവും, ദുല്‍ഖറിന്റെയും മനോജ് കെ ജയന്റെയും വിനീത് ശ്രീനിവാസന്റെയും ബിജുമേനോന്റെയും ഗാനാലാപനവും, കോമഡി സ്‌കിറ്റുകളും എല്ലാം പ്രേക്ഷകരെ ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലത്തിലേക്കാണ് എത്തിക്കുക. നടിമാരുടെ ചടുലമായ നൃത്തചുവടുകളും സ്‌കിറ്റുകളും എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നാണ് സൂചന.