ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന ലൂസിഫര്‍ തിയേറ്ററുകളില്‍ എത്തിയത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് ഉയരുന്നത്. മോഹന്‍ലാല്‍ പൃഥ്വീരാജ് ടോവിനോ എന്നിവര്‍ ഒരുമിച്ചാണ് ചിത്രം കാണാന്‍ തിയേറ്ററില്‍ എത്തിയത്.
ഇരുവര്‍ക്കുമൊപ്പമിരുന്ന് സിനിമ കാണാന്‍ ആരാധകരുടെ ഉന്തും തളളുമായിരുന്നു. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം സിനിമ കാണാന്‍ സാധിച്ച ഭാഗ്യത്തെക്കുറിച്ച് മുഹമ്മദ് അബ്ദുല്‍ കലാം എന്ന ആരാധകരന്‍ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. തീയറ്ററില്‍ സിനിമയിലെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ലാലേട്ടന്‍ രാജുവിന്റെ കൈ പിടിച്ച ആ നിമിഷം ഞാന്‍ എന്റെ ഹൃദയത്തിലെ ക്യാമറയില്‍ എന്നും സൂക്ഷിച്ച് വെക്കും എന്നാണ് അദ്ദേഹം കുറിച്ചത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
ഞാന്‍ ലാലേട്ടന്റെ പേര്‍സണല്‍ സ്റ്റാഫ് സജീവ് ഏട്ടനോടൊപ്പമാണ് ലൂസിഫര്‍ കാണാന്‍ പോയത്, അതുകൊണ്ടു തന്നെ ലാലേട്ടനും, സംവിധായകന്‍ 'പൃഥ്വിരാജും' ടൊവിനോയും ആന്റണി ചേട്ടനും ഇരുന്ന വരിയുടെ തൊട്ടു പിന്നില്‍ ഇരുന്ന് 'ലൂസിഫര്‍' കാണാന്‍ ഉള്ള ഒരു ഭാഗ്യമുണ്ടായി.
സിനിമ ആരംഭിച്ചു. തൊണ്ട കീറി പൊളിച്ച് ഇടി ഒക്കെ കൊണ്ട് ലാലേട്ടന്റെയും പൃഥ്വിരാജിന്റെയും സിനിമകള്‍ ആദ്യ ദിനം കണ്ടിരുന്ന ഞാന്‍ അവര്‍ രണ്ടു പേരും ഒന്നിക്കുന്ന ഒരു സിനിമ അവരുടെ രണ്ടു പേരുടെയും തൊട്ട് പിന്നില്‍ ഇരുന്ന് കാണുന്നു. എന്റെ ഈ അനുഭവത്തില്‍ നിന്ന് പറഞ്ഞാല്‍ സ്വപ്നം എന്ന വാക്ക് ഒന്നും അല്ലാതെ ആയിപ്പോയി എന്നൊക്കെ പറയാവുന്ന ഒരു നിമിഷം എന്റെ തൊട്ടു മുന്നില്‍ സംഭവിക്കുന്നു..
സിനിമയിലെ ഓരോ രോമാഞ്ചിഫിക്കേഷന്‍ സീനും വരുമ്പോഴും അറിയാതെ എന്റെ കണ്ണ് അടുത്തടുതിരിക്കുന്ന നായക നടനിലും സംവിധായകനിലും പോയി ഉടക്കി നില്‍ക്കും. പ്രേക്ഷകരുടെ ആരവങ്ങളോട് അവരുടെ പ്രതികരണം എങ്ങനെയാവും എന്നു അറിയാനുള്ള എന്റെ കൗതുകം കൊണ്ടാവാം ചിലപ്പോള്‍ അത്. വിന്റേജ് ലാലേട്ടനെ ഓര്‍മ്മപ്പെടുത്തുന്ന പല ഡയലോഗുകളും മാനറിസങ്ങളും സിനിമയില്‍ ഉണ്ട്, അപ്പോഴൊക്കെ ഉണ്ടായ പ്രേക്ഷകരുടെ അടങ്ങാത്ത ആരവത്തിനിടയില്‍ ഞാന്‍ ലാലേട്ടന്റെ മുഖത്ത് നോക്കിയിരുന്നു. എനിക്ക് ലാലേട്ടന്റെ മുഖത്ത് വലിയ സന്തോഷവും രാജുച്ചേട്ടന്റെ മുഖത്തു അടങ്ങാത്ത അഭിമാനവും കാണാമായിരുന്നു.
സംവിധാനം പൃഥ്വിരാജ് എന്നു എഴുതി കാണിച്ച നിമിഷം തീയറ്ററില്‍ ഉണ്ടായ ആ കയ്യടിയില്‍ അദ്ദേഹത്തിന്റെ മുഖത്ത് വന്ന ആ വികാരം വാക്കുകള്‍ കൊണ്ട് എനിക്ക് പറഞ്ഞു അറിയിക്കാന്‍ സാധിക്കില്ല. ഇടക്ക് ഒരു ഫാന്‍ ബോയിയെ പോലെ എഴുന്നേറ്റ് നിന്നു കയ്യടിക്കുന്ന ആന്റണി ചേട്ടനെയും ഞാന്‍ കണ്ടു. സിനിമയിലെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ലാലേട്ടന്‍ രാജുവിന്റെ കൈ പിടിച്ച ആ നിമിഷം ഞാന്‍ എന്റെ ഹൃദയത്തിലെ ക്യാമറയില്‍ എന്നും സൂക്ഷിച്ച് വെക്കും.
ലൂസിഫര്‍' എന്ന ചിത്രത്തിന്റെ റിവ്യൂകള്‍ ഇതിനോടകം ഒരുപാട് വന്നിട്ടുണ്ടാകും. അതിലേക്ക് ഞാന്‍ കടക്കുന്നില്ല, പക്ഷെ ഒന്ന് പറയാം അടുത്തകാലത്ത് ലാലേട്ടനെ ഇത്രത്തോളം ഉപയോഗിച്ചു വിജയിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോ എന്നെനിക്ക് സംശയമാണ്.
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ഒരു നടനും അദ്ദേഹത്തെ ജേഷ്ഠതുല്യനായും അതിലുപരി അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനായും കാണുന്ന മറ്റൊരു യുവ സൂപ്പര്‍ താരവും തമ്മിലുള്ള വൈകാരിക നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ സാധിച്ചത് എന്റെ പുണ്യമായി ഞാന്‍ കരുതുന്നു.