2018ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96. ഈ സിനിമയുടെ കന്നഡ റീമേക്കാണ് 99. ഈ സിനിമയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിൽ നായികയാകുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ഭാവന മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.96ന്റെ കന്നഡ റീമേക്കായ 99 പ്രീതം ഗബ്ബിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കന്നഡയിലെ ഗോൾഡൻ സ്റ്റാർ ഗണേശാണ് നായക വേഷത്തിൽ എത്തുന്നത്.
വിവാഹത്തോടെ ഇടവേളയെടുത്ത ഭാവന അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് 99. നീണ്ട കാത്തിരിപ്പിന് ശേഷം തൃഷ അനശ്വരമാക്കിയ ജാനുവായി ഭാവനയെത്തുമ്പോഴുള്ള ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളുടെ ലിറിക്കൽ വീഡിയോകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാമു നിർമ്മിക്കുന്ന ചിത്രം ഏപ്രിൽ 26ന് തിയേറ്ററുകളിലെത്തും.