ഒരുപാട് നല്ല ഗാനങ്ങള്‍ മലയാളികള്‍ക്കായി സമ്മാനിച്ച സംഗീത സംവിധായകന്‍ ആണ് രവീന്ദ്രന്‍ മാഷ്. നിരവധി ഗാനങ്ങള്‍ ആണ് രവീന്ദ്രന്‍ മാഷ് ഈണം നല്‍കിയത്. ഈ ലോകത്ത് നിന്നും അദ്ദേഹം വിട പറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ ആയെങ്കിലും ഇന്നും രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തിനും ഗാനങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. എന്നാല്‍ രവീന്ദ്രന്‍ മാഷിന്റെ ഭാര്യ ശോഭയുടെ ഇന്നത്തെ ജീവിതം ഒരു വലിയ ദുരിത കയത്തില്‍ ആണ്. താമസിക്കുന്ന കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയില്‍ ആണ് ഇന്ന് ശോഭ എന്നാണ് റിപ്പോര്‍ട്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശോഭ ഇപ്പോള്‍ കടന്നു പോകുന്നത്.
ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ കുട്ടിക്കാലത്തു നിന്നുമാണ് അറിയപ്പെടുന്ന സംഗീത സംവിധായകനായി രവീന്ദ്രന്‍ മാഷ് എന്ന കൊല്ലംകാരന്‍ മാറിയത്. തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു ചെന്നൈയിലെ വീട്ടില്‍ വച്ച് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഭാര്യ ശോഭയ്ക്കും മൂന്ന് ആണ്‍മക്കള്‍ക്കും ഒപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഇളയ മകന്‍ നവീന്‍ മാധവ് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമാ പിന്നണി ഗായകനാണ്. മൂത്തവര്‍ രണ്ട് ഇരട്ടക്കുട്ടികളാണ്. സിനിമാ സംവിധായകനായ രാജന്‍ മാധവും തെലുങ്ക്, മലയാളം, തമിഴ് സംഗീത സംവിധായകനായ സാജന്‍ മാധവും ആണ് അവര്‍.
എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശോഭ നാട്ടിലേക്ക് മാറുകയായിരുന്നു. എന്നാലിപ്പോള്‍ ചില ചതികളില്‍ പെട്ട്, കടക്കെണിയിലായി, സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണവര്‍ ഉള്ളത്. കൊച്ചി പാലച്ചുവടിലെ വാടകവീട്ടിലാണ് ഇപ്പോള്‍ ശോഭയുടെ താമസം. അവരെ ഈ നിലയിലെത്തിച്ചത് ചില പാഴ് വാഗ്ദാനങ്ങളാണ്. ഒന്‍പത് വര്‍ഷം മുമ്പ് 'രവീന്ദ്ര സംഗീത സന്ധ്യ'എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അപ്പോള്‍ ശോഭയ്ക്ക് ലഭിച്ച വാഗ്ദാനം ഒരു ഫ്ലാറ്റും 25 ലക്ഷം രൂപയുമാണ്. ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരുന്നു സംഘാടനം.
ശോഭ നേരിട്ടാണ് ഗായകരെയും അഭിനേതാക്കളെയുമെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചത്. പരിപാടിയില്‍ യേശുദാസും ചിത്രയും ഉള്‍പ്പെടെയുള്ളവരെല്ലാമെത്തി. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും പാടിയതും. ഗ്രൗണ്ടും സൗജന്യമായിരുന്നു. പരിപാടിയുടെ സംപ്രേഷണാവകാശം സ്വകാര്യചാനല്‍ വാങ്ങിയത് 56 ലക്ഷം രൂപയ്ക്കാണ്. ആ വേദിയില്‍ വച്ചാണ് ഫ്ളാറ്റിന്റെ താക്കോല്‍ ശോഭയ്ക്ക് കൈമാറിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഫ്ലാറ്റിലേക്ക് താമസം മാറിയെങ്കിലും അവിടെ വൈദ്യുതി കണക്ഷന്‍ പോലുമില്ലായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഫ്ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ തയ്യാറായതുമില്ല.
'രവീന്ദ്രസംഗീതസന്ധ്യ'യില്‍ നിന്നു സ്പോണ്‍സര്‍ഷിപ്പുള്‍പ്പെടെ ഒന്നരക്കോടിയിലധികം രൂപ സംഘാടകര്‍ക്ക് ലഭിച്ചെങ്കിലും ശോഭയ്ക്ക് നല്‍കിയത് വെറും മൂന്നു ലക്ഷം രൂപയാണ്. തരാമെന്നുപറഞ്ഞ തുകയ്ക്കായി പലവട്ടം സമീപിച്ചെങ്കിലും അവര്‍ പലതും പറഞ്ഞൊഴിഞ്ഞു. ആ അപ്പാര്‍ട്ട്‌മെന്റിലെ ഓരോ ഫ്ലാറ്റും ആറരലക്ഷം രൂപയ്ക്ക് ഈടുവച്ച് നിര്‍മ്മാതാക്കള്‍ വായ്പയെടുത്തിരുന്നുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. ഒടുവില്‍ താമസക്കാരുടെ അസോസിയേഷന് ഫ്ലാറ്റുകളെല്ലാം കൈമാറിയെങ്കിലും ലോണ്‍ ബാധ്യത താമസക്കാരുടെ തലയിലായി. ആ ഘട്ടത്തില്‍ മൂന്നുലക്ഷം രൂപ കടം വാങ്ങിയാണ് ശോഭ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
ഫ്ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടയ്ക്കുകയും താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തുതന്നെയുള്ള ഒരു വീടിന്റെ മുകള്‍നിലയിലേക്ക് താമസംമാറ്റി. മൂന്നരമാസം എന്നു പറഞ്ഞു തുടങ്ങിയ പണി ഇപ്പോള്‍ ഒന്നരവര്‍ഷമായിട്ടും തീര്‍ന്നിട്ടില്ല. ഇടയ്ക്ക് വായ്പാ കുടിശ്ശികയിലേക്ക് രണ്ടു ലക്ഷം കൊടുത്തെങ്കിലും ആ തുക ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഉപയോഗിച്ചത്. മറ്റു താമസക്കാരെല്ലാം വായ്പ കുടിശ്ശിക അടച്ചു. രവീന്ദ്രനോടുള്ള ആദരവെന്നോണം ശോഭയുടെ പണം തല്‍ക്കാലത്തേക്ക് അസോസിയേഷന്‍ നല്‍കിയെങ്കിലും പലിശസഹിതം അതിപ്പോള്‍ 12 ലക്ഷം രൂപയായി. ഈ തുക നല്‍കിയാലേ ഫ്ലാറ്റിന്റെ രേഖകള്‍ കിട്ടൂ. എങ്കില്‍ മാത്രമെ അതു വില്‍ക്കാന്‍ പറ്റുകയുള്ളൂ. അതു വിറ്റു കിട്ടുന്ന കാശിന് ബാധ്യതകള്‍ തീര്‍ത്ത് വാര്‍ധക്യ കാലം സമാധാനത്തോടെ ജീവിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയിലാണ് ശോഭ ഇപ്പോള്‍.