ഗോഡ് ഫാദറിലെ മാലു, വിയറ്റ്നാം കോളനിയിലെ ഉണ്ണിമോള്‍, മന്ത്രിക്കൊച്ചമ്മയിലെ മായ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസുകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് കനക. വിടര്‍ന്ന കണ്ണുകളും മെലിഞ്ഞ ചുണ്ടുകളുമായി മോഹന്‍ലാല്‍, മമ്മൂട്ടി, ശ്രീനിവാസന്‍, ജയറാം, മുകേഷ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം അഭിനയിച്ചു തകര്‍ത്ത കനക ഇന്ന് അതീവ സങ്കടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീ പിടിച്ച വാര്‍ത്ത പുറത്തു വന്നപ്പോഴാണ് വീണ്ടും ആരാധകര്‍ക്ക് നടിയുടെ ജീവിതം നേരിട്ടു കാണാനായത്. അപ്രതീക്ഷിതമായുണ്ടായ പരാജയങ്ങള്‍ മാനസിക നില പോലും തെറ്റിച്ച അവസ്ഥയിലേക്കാണ് നടിയെ എത്തിച്ചിരിക്കുന്നത്.
പ്രശസ്ത സംവിധായകന്‍ രഘുപതി വെങ്കയ്യ നായിഡുവിന്റെ കൊച്ചുമകളും നടി ദേവികയുടെ മകളുമായാണ് കനക ജനിച്ചത്. പിറന്നു വീണതു തന്നെ പ്രശസ്തിയിലേക്ക് ആയിരുന്നു. താരപുത്രി എന്ന ലേബല്‍ ഉള്ളതിനാല്‍ കനക സിനിമാ മേഖലയില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. കരകാട്ടക്കാരന്‍ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിലെ നായിക ആയാണ് കനക സിനിമാ പ്രവേശനം നടത്തിയത്. വന്‍ ഹിറ്റായിരുന്നു ഈ ചിത്രം. ഒരു വര്‍ഷത്തോളമാണ് തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഈ ചിത്രം ഓടിയത്. പിന്നീട് അങ്ങോട്ട് കനകയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രജനികാന്തിനും പ്രഭുവിനും ഒപ്പം തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമായിരുന്നു നടിയുടെ ചിത്രങ്ങള്‍. 1989ല്‍ തമിഴ് സിനിമാ പ്രവേശനത്തിനു ശേഷം രണ്ടു വര്‍ഷം മാത്രം കഴിഞ്ഞപ്പോഴാണ് ഗോഡ്ഫാദറിലൂടെ മലയാളത്തിലേക്ക് എത്തുന്നത്. അതും വമ്പന്‍ ഹിറ്റായി മാറിയതോടെ മലയാളികള്‍ക്കും കനക പ്രിയപ്പെട്ടവളായി. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മലയാളത്തിലും തിളങ്ങാനുള്ള ഭാഗ്യം കനകയ്ക്ക് ലഭിച്ചു.
മലയാളത്തിന് ഒരുപിടി കുറുമ്പ് നിറഞ്ഞ കഥാപാത്രങ്ങളെ സമ്മാനിച്ച് നില്‍ക്കുമ്പോഴും നിരവധി ഹിറ്റ് സിനിമകളില്‍ നായികയായ കനക മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍, സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നായികയായി തിളങ്ങി നിന്നിട്ടും ഭാഗ്യമില്ലാതായി പോയ നടിയാണ് കനക. 2004ല്‍ നരസിംഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തിളങ്ങിയ കനകയുടെ വിവാഹം കഴിഞ്ഞതും അതേ വര്‍ഷമായിരുന്നു. എന്നാല്‍ അതൊരു ദുരന്തകഥയായിട്ടാണ് കനകയുടെ ജീവിതത്തെ ബാധിച്ചത്. കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ അതീവ സമ്പന്നനായ മുത്തുകുമാറായിരുന്നു വരന്‍. ഇരുവരും പ്രണയത്തിലായതിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ വെറും പതിനഞ്ച് ദിവസം കൊണ്ട് ആ ദാമ്പത്യജീവിതം അവസാനിക്കുകയായിരുന്നു. ഏറെ കൊട്ടിഘോഷിച്ച് നടന്ന ആ വിവാഹം അതിവേഗം പരാജയത്തില്‍ കലാശിച്ചത് ആരാധകര്‍ക്കു പോലും വിശ്വസിക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
ദാമ്പത്യ പരാജയം സംഭവിച്ചതിനു കാരണം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം അതിനു കാരണമെന്നായിരുന്നു നടി ആദ്യം വിശ്വസിച്ചത്. എന്നാല്‍ അതിന് പിന്നില്‍ തന്റെ പിതാവാണെന്നാണ് നടി പറഞ്ഞത്. അങ്ങനെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു കനക ഉന്നയിച്ചത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ദാമ്പത്യ പരാജയത്തിനു ശേഷം നടിയെ തേടി അവസരങ്ങളൊന്നും വന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഒരു ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും പുതിയ അവസരങ്ങളൊന്നും നടിയ്ക്ക് ലഭിക്കാതെ വരികയായിരുന്നു. അതേസമയം, നടിയുടെ അമ്മയുടെ ഇടപെടലുകളാണ് കനക അഭിനയം തന്നെ ഉപേക്ഷിക്കാന്‍ കാരണമായതെന്ന് നടി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. പിന്നീട് ഏറെ വിവാദങ്ങളുടെ പേരിലാണ് നടി വാര്‍ത്തകളില്‍ നിറഞ്ഞത്. പിതാവുമായിട്ടുള്ള നടിയുടെ പ്രശ്‌നങ്ങളും മറ്റുമൊക്കെ വാര്‍ത്ത പ്രധാന്യം നേടുകയും ചെയ്തു. അതിനിടയില്‍ നടിയുടെ മരണവാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിന് മുകളിലായി അഭിനയവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു നടി. തിരിച്ച് വരണമെന്ന് ആഗ്രഹമുണ്ടെന്നും നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും പലപ്പോഴും കനക പറയുകയും ചെയ്തിരുന്നു. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് ജീവിതമെത്തിയ കനകയ്ക്ക് വലിയൊരു ആഘാതമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായതായിട്ടാണ് വിവരം. ഇതോടെ ആകെ ഉണ്ടായിരുന്ന വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. ചെന്നൈയിലുള്ള നടിയുടെ വീട്ടില്‍ നിന്നും തീയും പുകയും കണ്ടതോടെ അയല്‍ക്കാരാണ് വിവരം അറിയിക്കുന്നത്.
കനകയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം വീട്ടിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ളതെല്ലാം കത്തി നശിച്ച് പോയെന്നാണ് വിവരം. പൂജാ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തി വീടിനുള്ളില്‍ തീ പടര്‍ന്നതാണെന്നാണ് വിവരം. ഈ സംഭവം പോലെ തന്നെ ഭാഗ്യങ്ങളെല്ലാം അതിവേഗം കത്തിനശിച്ച് പോയൊരു ജീവിതമാണ് കനകയുടേത്. പുതിയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് കനകയുടെ ഭാഗ്യമില്ലായ്മയെ കുറിച്ചും സംസാരം ഉണ്ടാവുന്നത്. ഒരു കാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന നടി കനക ആരെയും കൊതിപ്പിക്കുന്ന താരസുന്ദരിയായിരുന്നു. എന്നാല്‍ എല്ലാ തരത്തിലും സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ട് പോയ അപൂര്‍വ്വം നടിമാരില്‍ ഒരാളായി കനക മാറുകയും ചെയ്തു.