നമ്മുടെയൊക്കെ ശരീരത്തില്‍ എത്ര മറുക് കാണും.. ഒന്ന്.. രണ്ട്... മൂന്ന്... കൂടിപ്പോയാല്‍ പത്ത്... നാം അതിനെ മൈന്‍ഡ് ചെയ്യാറു പോലുമില്ല. എന്നാല്‍, ആലപ്പുഴ ഹരിപ്പാട് സ്വദേശി പ്രഭുലാല്‍ പ്രസന്നന്റെ കാര്യത്തില്‍ സ്ഥിതി അതല്ല. മുഖത്തും ശരീരത്തിലേക്കുമായി വ്യാപിച്ചു കിടക്കുകയാണ് ഈ മറുക്. ജന്മനാ മറുക് പ്രഭുവിന്റെ മുഖത്ത് മാത്രമായിരുന്നില്ല, ബാല്യത്തിലും കൗമാരത്തിലും കൂടിയാണ് പടര്‍ന്നു പിടിച്ചത്. സ്‌കൂളിലും കൂട്ടുകാര്‍ക്കിടയില്‍നിന്നും അതു നല്‍കിയ വേദനകള്‍ അത്രയേറെ കഠിനമായിരുന്നു. എന്നിട്ടും പ്രഭു ശക്തിയോടെ പോരാടി. സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനായിരുന്നു അയാളുടെ തീരുമാനം. അത് പ്രഭുവിനെ കൂടുതല്‍ ശക്തനാക്കി. ജീവിതത്തില്‍ തളര്‍ന്നു പോയ പലര്‍ക്കും പ്രഭുവിന്റെ അനുഭവങ്ങള്‍ ഊര്‍ജമേകി. ലോകമാധ്യമങ്ങള്‍ വരെ പ്രഭുവിനെ തേടിയെത്തി.
ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശികളായ പ്രസന്നനും ഭാര്യ ബിന്ദുവും രണ്ടാമത്തെ മകന്‍ ജനിക്കുന്ന സന്തോഷത്തിലായിരുന്നു. കാത്തിരുന്ന് കാത്തിരുന്ന് അവരുടെ രണ്ടാമത്തെ കണ്‍മണിയെത്തി. വലതുഭാഗത്ത് വലുപ്പത്തില്‍ ഒരു മറുക് ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാസങ്ങള്‍ കടന്നു പോകേ ആ മറുകിന്റെ വേരുകള്‍ വളര്‍ന്നു കൊണ്ടേയിരുന്നു. ഡോക്ടറെ കൊണ്ടു കാണിച്ചപ്പോള്‍ ഒന്നു മനസിലായി. ജന്മനാ മുഖത്ത് നേരിയ തോതില്‍ കണ്ട മറുക്, വളര്‍ന്നു വളര്‍ന്ന് മുഖത്തിന്റെ നല്ലൊരു ഭാഗം കവര്‍ന്നിരിക്കുന്നു. ഒപ്പം വലതു ചെവിക്ക് സാധാരണ രീതിയില്‍ നിന്നും വലുപ്പവും കൂടിയിരിക്കുന്നു. പിച്ചവച്ചപ്പോഴും നടക്കാന്‍ പഠിച്ചപ്പോഴും ബാല്യമെത്തിയപ്പോഴും അതു വലുതായി വന്നു.
ഇങ്ങനെ ഒരു മുഖവുമായി ജീവിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും.. കൂട്ടുകാര്‍ക്കിടയില്‍ നിന്നും.. നാട്ടുകാര്‍ക്കിടയില്‍ നിന്നും എല്ലാം അവഗണന, പരിഹാസം, സഹതാപം... ഒന്നിനും കുറവുണ്ടായില്ല. കുട്ടിക്കാലത്ത് മറ്റു കുട്ടികള്‍ ഭയത്തോടു കൂടിയായിരുന്നു നോക്കിയിരുന്നത്. ഒറ്റയ്ക്കായിരുന്നു പലപ്പോഴും. ആ അനുഭവങ്ങള്‍ അമ്മയോട് വന്നു പറയും. അപ്പോള്‍ അമ്മ പറഞ്ഞു.. ദൈവത്തിന്റെ എല്ലാ സൃഷ്ടിക്കും അതിന്റേതായ പ്രാധാന്യവും പ്രത്യേകതകളും ഉണ്ടെന്ന്.. ആ വാക്കുകളാണ് പ്രഭുവിന് കരുത്തേകിയത്. ചേട്ടന്‍ ഗുരുലാല്‍ ആയിരുന്നു മറ്റൊരു ചാലകശക്തി. സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിച്ചും, കളിക്കാന്‍ മറ്റുള്ളവര്‍ക്കൊപ്പം കൂട്ടിയും ചേര്‍ത്തു നിര്‍ത്തി. അനിയത്തി വിഷ്ണുപ്രിയക്കും അസാധാരണത്വങ്ങള്‍ ഏതുമില്ലാത്ത പൊന്നേട്ടനായി. അച്ഛനും ഒപ്പം നിന്നു. പതിയെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും പഠിച്ചു.
എല്ലാ ഭയാശങ്കകളും മാറ്റിവച്ചാണ് നങ്ങ്യാര്‍കുളങ്ങര ടികെ മാധവന്‍ മെമ്മോറിയല്‍ കോളജില്‍ ബികോമിന് ചേര്‍ന്നത്. മുതിര്‍ന്ന കുട്ടികള്‍ക്ക് എന്റെ അവസ്ഥ മനസിലാക്കാനുള്ള പക്വത ഉണ്ടാകും എന്നു പ്രതീക്ഷിച്ചു. കോളജിന്റെ ആദ്യ ദിനം ബികോം ട്രാവല്‍ ആന്‍ഡ് ടൂറിസം ബാച്ചിനേയും കംപ്യൂട്ടര്‍ ബാച്ചിനേയും സെമിനാര്‍ ഹാളില്‍ ഒരുമിച്ച് കൂട്ടി. ഏകദേശം നൂറോളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രഭുവും ഉണ്ടായിരുന്നു. അന്ന് അവിടെ കൂടിയ കുട്ടികള്‍ എന്നെ സഹതാപത്തോടെയും അദ്ഭുതത്തോടെയും നോക്കിയ നോട്ടങ്ങളും ദഹിച്ചു പോകാന്‍ പോന്നതായിരുന്നു.
ഈ അവസ്ഥയ്ക്ക് പരിഹാരം തേടി ആയൂര്‍വേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതില്‍ അലോപ്പതിയില്‍ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടര്‍മാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവില്‍ എത്തി നിന്നത് മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍. അവര്‍ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സര്‍ജറി. അപ്പോഴും ഒരു കണ്ടീഷന്‍ ഉണ്ട്. ഈ മറുകിന്റെ വളര്‍ച്ച എന്ന് നില്‍ക്കുന്നുവോ അന്നേ ആ മാര്‍ഗവും തേടാന്‍ കഴിയൂ. തീര്‍ന്നില്ല കഥ, പരീക്ഷണാര്‍ത്ഥം അല്‍പാല്‍പമായി മാത്രം മറുക് നീക്കം ചെയ്യാം എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത് ഇനി രണ്ടു കൊല്ലമെങ്കിലും കഴിഞ്ഞിട്ടേ ആ വഴി നോക്കേണ്ടതുള്ളൂ.
മറുക് ഒരു പ്രശ്‌നമല്ല. പക്ഷേ ഇത് മൂലമുണ്ടാകുന്ന അസ്വസ്ഥതകളാണ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ പഴുക്കും. അതുകൊണ്ട് ആശുപത്രി വാസം കൂടുതലാണ്. ഇത് പലപ്പോഴും പഠനം തടസ്സപ്പെടുത്തി. ആവശ്യത്തിന് ഹാജര്‍ ഇല്ലാതെ കുഴങ്ങിയിട്ടുണ്ട്. നിരവധി അവസരങ്ങളും നഷ്ടമായിട്ടുണ്ട്. ഈ മറുക് കുറവല്ല, എന്റെ പ്രത്യേകതയാണ്. അതുകൊണ്ടാണ് ആളുകള്‍ എന്നെ അറിയുന്നത്. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകുന്നത്. അതെ, ഞാന്‍ ദൈവത്തിന്റെ വ്യത്യസ്തമായ ഒരു സൃഷ്ടിയാണ്. എന്ന വിശ്വാസത്തോടെ മുന്നേറുകയായിരുന്നു പ്രഭു പിന്നീട്.
സാധാരണ കുട്ടികളോ പോലെ തന്നെ പബ്ലിക് സ്‌കൂളില്‍ പഠിച്ചു. സമൂഹമാധ്യമങ്ങളില്‍ സജീവമായി. ഒരു ചേട്ടന്റെ സഹായത്തോടെയാണ് സമൂഹമാധ്യമത്തില്‍ അക്കൗണ്ട് തുടങ്ങുന്നത്. അന്ന് പ്രഭുവിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കാന്‍ പറഞ്ഞപ്പോള്‍ ആ ചേട്ടന്‍ വേണ്ട എന്നു പറഞ്ഞു. ആളുകള്‍ കളിയാക്കും എന്ന ചിന്തയാണ് അദ്ദേഹം അങ്ങനെ പറയാന്‍ കാരണം. അദ്ദേഹം പറഞ്ഞതല്ലേ എന്നു കരുതി ആ തീരുമാനം വേണ്ടെന്നു വച്ചു. എന്നാല്‍ ഒളിച്ചോടുകയോ മറഞ്ഞിരിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്ന് പിന്നീട് തോന്നി. ആ ചിന്തയാണ് പ്രഭുവിന്റെ ഫോട്ടോ തന്നെ ഉപയോഗിക്കാന്‍ ധൈര്യം നല്‍കിയത്. സ്വന്തം ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കിയപ്പോള്‍ കൂട്ടുകാരൊക്കെ ഉറച്ച പിന്തുണ തന്നു. അങ്ങനെയാണ് സമൂഹമാധ്യമത്തില്‍ സജീവമായത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രഭുവിനെ ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. നിരവധി സുഹൃത്തുക്കളെ ലഭിച്ചു. ചേര്‍ത്തു പിടിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും പലരും തേടിയെത്തുന്നു. ഒരു ജോലി നേടണം. ഒരുപാട് യാത്ര ചെയ്യണം. സംഗീതം പഠിക്കണം. ശാരീരിക പ്രതിസന്ധികള്‍ മൂലം ജീവിതത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമാകണം. എന്റെ വിജയങ്ങള്‍ കണ്ട് മാതാപിതാക്കള്‍ സന്തോഷിക്കണം. ഇതാണ് ഇനിയുള്ള ലക്ഷ്യങ്ങള്‍.
മാസങ്ങള്‍ക്കു മുമ്പ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന വിവരവും പ്രഭുലാല്‍ പങ്കുവച്ചിരുന്നു. നവരംഗബാവ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിക്കന്ദര്‍ ദുല്‍ഖര്‍നൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് പ്രഭുലാല്‍ അഭിനയിക്കുന്നത്.