മണ്ണാറത്തൊടിയും ക്ലാരയും ജയകൃഷ്ണനുമെല്ലാം മലയാളികളുടെ മനസ്സില്‍ ഇടം നേടിയിട്ട് ഇന്ന് 33 വര്‍ഷം പിന്നിടുകയാണ്. പത്മരാജന്റെ 'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'തൂവാനത്തുമ്പികള്‍' മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍, സോമന്‍, ബാബ നമ്പൂതിരി എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രമായിരുന്നു. ഇപ്പോഴിത തൂവാനത്തുമ്പികളുടെ ചിത്രീകരണ വേളയില്‍ നേരിടേണ്ടി വന്ന ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാമ്പത്തീക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നു 'തൂവാനത്തുമ്പികള്‍'. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നുവെന്നാണ് രാധാലക്ഷ്മി പറയുന്നത്.
പാതി വഴിയില്‍ നിലച്ച് പേകേണ്ട ചിത്രമായിരുന്നു തൂവാനത്തുമ്പികള്‍. എന്നാല്‍ പിന്നീട് മോഹന്‍ലാലിന്റെ സഹായത്തോടെയാണ് ചിത്രം മുന്നോട്ട് പോയത്. ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്ന് പോയോക്കും എന്ന അവസ്ഥയില്‍ കാര്യം എത്തിയിരുന്നു. ഈ സാഹചര്യം വന്നപ്പോള്‍ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കി മോഹന്‍ലാല്‍ ചിത്രീകരണം തുടങ്ങാന്‍ സഹായിക്കുകയായിരുന്നു. പിന്നീട് ഗാന്ധിമതി ബാലന്‍ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു.
ചിത്രീകരണം കാണാനായി മോഹന്‍ലാലിന്റെ അമ്മയും ലൊക്കേഷനില്‍ എത്തിയിരുന്നു, സാധാരണ അദ്ദേഹത്തിന്റ ലൊക്കേഷനിലൊന്നും ഞാന്‍ പോകാറില്ല. എന്നാല്‍ 'തൂവാനത്തുമ്പികള്‍' നടക്കുന്ന സമയത്ത് എറണാകുളത്ത് ഒരു കല്യാണത്തിന് പോയി വരുന്ന വഴിക്ക് ഞാനും മക്കളും സെറ്റിലേക്ക് പോയിരുന്നു. അന്ന് മോഹന്‍ലാലും അശോകനും ചേര്‍ന്നുള്ള രംഗം കേരള വര്‍മ്മയില്‍ ചിത്രീകരിക്കുകയായിരുന്നു. അന്ന് ആ ചിത്രീകരണം കാണാന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്ത ചേച്ചിയും അമ്മാവന്‍ രാധാകൃഷ്ണന്‍ ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം കണ്ടത്. മോഹന്‍ലാലിനെ പോലെ ബുദ്ധിമാനായ ഒരു താരം വേറെയില്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു ലാലുമായി വല്ലാത്തൊരു ആത്മബന്ധമായിരുന്നു അദ്ദേഹത്തിനുളളത്.
മരണത്തിനു തൊട്ടു മുമ്പ്, കോഴിക്കോട് ചെല്ലുമ്പോള്‍ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാലും അവിടെ ഉണ്ടായിരുന്നു. അത് അറിഞ്ഞ് അദ്ദേഹവും ഗാന്ധിമതി ബാലനും ലാലിനെ കാണാനും പദ്ധതി ഇട്ടിരുന്നു. സിനിമകളെ പോലെ തന്നെ ജീവിതത്തിലും പത്മരാജന്‍ റൊമന്റിക് ആയിരുന്നു. അത് കൊണ്ടാണല്ലോ ആകാശവാണിയില്‍ വെച്ച് കണ്ട് മുട്ടിയ ഞങ്ങള്‍ ജീവിതത്തിലും ഒന്നായത്. അദ്ദേഹത്തിന്റെ സ്‌നേഹം എന്നും എപ്പോഴും എനിക്കും മക്കള്‍ക്കുമൊപ്പം ഉണ്ടായിരുന്നു. സിനിമ തിരക്കുകള്‍ക്ക് ശേഷം അദ്ദേഹത്തിന് ഞങ്ങളോടൊപ്പം കഴിയുന്നതായിരുന്നു ഏറ്റവും ഇഷ്ടം. ക്ലബ്ബുകളിലും മറ്റെങ്ങും അദ്ദേഹം പേകാറെ ഉണ്ടായിരുന്നില്ല. ഒഴിവ് കിട്ടുമ്പോഴൊക്കെ കുടുംബത്തോടൊപ്പം കഴിയുവാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.