മലയാളി മനസാക്ഷിയെ ആകെ ഞെട്ടിച്ചതാണ് കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരകള്‍. ജോളി എന്ന കൊടുംക്രിമിനല്‍ തന്റെ വഴിയില്‍ തടസം നിന്നവരെ നിഷ്‌കരുണം സഡയൈന് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തെ ഇതിവൃത്തമാക്കി രണ്ടു സിനിമകളും രണ്ടു സീരിയലുകളും അണിയറയില്‍ ഒരുങ്ങുകയാണ്. ഫഌവേഴ്‌സ് ചാനലിലും ഇതിനെ ആസ്പദമാക്കിയുള്ള പരമ്പര തിങ്കളാഴ്ച മുതല്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയിരുന്നു. ഉദ്വേഗജനകമായ ട്വിറ്റുകളോടെ മുന്നേറിയ സീരിയല്‍ ഇപ്പോള്‍ അപ്രതീക്ഷിത സ്റ്റേ നേരിടുകയാണ്.
കേരളം ഇത്രയേറെ ചര്‍ച്ച ചെയ്ത മറ്റൊരു കൊലപാതക പരമ്പരയില്ലെന്ന് തന്നെ പറയാം. വൃദ്ധയായ അന്നമ്മ തൊട്ട് രണ്ട് വയസ്സുകാരിയായ ആല്‍ഫൈന്‍ വരെ ജോളി സയനൈഡ് കലര്‍ത്തിയ ഭക്ഷണം നല്‍കി നിര്‍ദാക്ഷിണ്യം കൊന്നുതള്ളിയത് ആറ് പേരെയാണ്. ഈ കൊലപാതക പരമ്പരയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഫ്‌ളവഴ്‌സ് എത്തിക്കുന്നത്. ഇടയ്ക്ക് സീരിയല്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി എത്തിയിരുന്നെങ്കിലും അതിനെ മറികടന്ന് സംപ്രേക്ഷണം ആരംഭിച്ചിരുന്നു. എന്നാലിപ്പോള്‍ അപ്രതീക്ഷിതമായി സീരിയലിന് വിലക്ക് വീണിരിക്കയാണ്.
കൂടത്തായി എന്നു പേരുള്ള സീരിയലിന്റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്കാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത് കേസിലെ മുഖ്യസാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയായ മുഹമ്മദ് ബാബ കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. കൊലപാതക പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്ന് കേസുകളില്‍ കൂടി ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സമയത്ത് സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി വന്നിരിക്കുന്നത്.
സീരിയലിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ലെന്ന് സീരിയല്‍ തുടങ്ങും മുമ്പ് ഔദ്യോഗിക അറിയിപ്പായി പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നാണ് ഇതുവരെയുള്ള ഭാഗങ്ങള്‍ കാണിച്ചതോടെ അറിയാനായത്. ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കൂടത്തായി കേസിലെ നിര്‍ണായക സാക്ഷികളാണ് താനും തന്റെ മാതാവുമെന്നും തങ്ങളുടെ ഇരുവരുടേയും നിര്‍ണായക മൊഴികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും മുഹമ്മദ് ഹര്‍ജിയില്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം മികച്ച അഭിപ്രായത്തോടെയാണ് കൂടത്തായി സീരിയല്‍ മുന്നേറിയിരുന്നത്. അതേസമയം സീരിയലില്‍ ഹര്‍ജിക്കാരനെ അപമാനിക്കുന്ന തരത്തിലോ മറ്റോ യാതൊന്നുമില്ലെന്നും ഇതിനെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും സംവിധായകന്‍ ഗിരീഷ് കോന്നി സിനിലൈഫിനോട് വ്യക്തമാക്കി. നടി മുക്തയാണ് സീരിയലില്‍ ജോളിയെ അവതരിപ്പിക്കുന്നത്. സീതയുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്ദ്രനായി മാറിയ ഷാനവാസാണ് കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തുന്നത്. മികച്ച ഫാമിലി ത്രില്ലര്‍ സീരിയല്‍ എന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കൂടത്തായി പേരെടുത്തുകഴിഞ്ഞിരുന്നു.