മോഹന്‍ലാല്‍,മമ്മൂട്ടി കൂട്ടുകെട്ടില്‍ സംവിധായകന്‍ ഫാസില്‍ ഒരുക്കിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മലയാള സിനിമയുടെ രണ്ട് നെടുന്തൂണുകള്‍ ഒന്നിച്ച് അഭിനയിച്ച ചിത്രം എന്നതിലൂപരി ഇരട്ട ക്ലൈമാക്‌സ് എന്ന പരീക്ഷണവും ഈ ചിത്രത്തിലൂടെയാണ് നടന്നത് .വന്‍ താരനിരയെ അണിനിരത്തിയ ചിത്രത്തില്‍ ബോളിവുഡ് താരം ജൂഹി ചൗള നായികയായി എത്തുകയായിരുന്നു. ഇന്നും ചിത്രത്തിലെ ഗാനങ്ങള്‍ക്ക് പ്രക്ഷകര്‍ ഓര്‍ത്ത് ഇരിക്കുന്നുണ്ട്. ചിത്രത്തില്‍ ഇത്രയും താരങ്ങളെ ഒന്നിച്ച് അണിനിരത്തുക എന്ന വലിയ വെല്ലുവിളി തന്നെയായിരുന്നു എങ്കിലും അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഫാസിലിന് സാധിക്കുകയും ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇരട്ട ക്ലൈമാക്സുകള്‍ ഒരുക്കിയതിനെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍.
മോഹന്‍ലാലും മമ്മൂട്ടിയും മലയാള സിനിമയില്‍ തുല്ല്യരായി നില്‍ക്കുന്ന കാലമായിരുന്നു അന്ന്. അവരെ ഒരുമിപ്പിച്ചുസിനിമയെടുക്കണം എന്ന ആഗ്രഹവും മനസ്സില്‍ മായാതെ ഉണ്ടായിരുന്നു. ഇരുവരുമായും അടുത്ത സൗഹൃദവും നിലനില്‍ക്കുന്നുണ്ടായിരുന്നു. അങ്ങനെയായിരുന്നു ഹരികൃഷ്ണന്‍സ് ഒരുങ്ങിയിരുന്നത്. ഇരുനായകന്‍മാരെയും ഒന്നിപ്പിച്ച് ഒരു സിനിമ എടുക്കുമ്പേള്‍ അവരിലൊരാളെ കൂടുതലായി പരിഗണിച്ചു എന്ന വിമര്‍ശനം ഉണ്ടാകാതെ നോക്കുന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് ഫാസില്‍ പറഞ്ഞു. നായികയായി എത്തിയ ജൂഹി ചൗളയെ ഏത് നായകന് ലഭിക്കണം എന്ന കാര്യത്തിലും ഏറെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു.
മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് നിരാശയുണ്ടാകുന്ന രീതിയില്‍ ഒരിക്കലും സിനിമ എടുക്കാന്‍ സാധിക്കില്ലായിരുന്നു . അങ്ങനെ ആലോചിക്കുന്ന വേളയില്‍ തോന്നിയ ഒരു കുസൃതി മാത്രമായിരുന്നു ആ ക്ലൈമാക്‌സ് രംഗങ്ങള്‍ . രണ്ടുപേര്‍ക്കും നായികയെ കിട്ടുന്നതും ആര്‍ക്കും കിട്ടാത്തതുമായ ക്ലൈമാക്‌സുകളിലേക്ക് എത്തിയിരുന്ന സാഹചര്യം ഫാസില്‍ വ്യക്തമാക്കുകയും ചെയ്തു. 32 പ്രിന്റുളളതില്‍ 16 ല്‍ മോഹന്‍ലാലിന് കിട്ടുന്നതും 16 ല്‍ മമ്മൂട്ടിക്ക് കിട്ടുന്നതുമായിരുന്നു കാണിച്ചിരുന്നത്. ഇത് ഒരു കൗതുകം ഉണര്‍ത്തുന്ന കാര്യം കൂടിയാണ് എന്നും സംവിധായകന്‍ ഫാസില്‍ പറയുന്നു .