രണ്ടാം വയസില്‍ അച്ഛന്റെ മരണം; ഒളിഞ്ഞിരുന്ന് പാട്ട് പഠനം; ഗോപി സുന്ദറിന്റെ മാനസപുത്രിയായ സരിഗമപ ഗായിക പുണ്യാ പ്രദീപിന്റെ കഥ

Malayalilife
രണ്ടാം വയസില്‍ അച്ഛന്റെ മരണം; ഒളിഞ്ഞിരുന്ന് പാട്ട് പഠനം; ഗോപി സുന്ദറിന്റെ മാനസപുത്രിയായ സരിഗമപ ഗായിക പുണ്യാ പ്രദീപിന്റെ കഥ

പേരു പോലെ 'പുണ്യം' ചെയ്തൊരു പാട്ടുകാരി. അതാണ് പുണ്യ പ്രദീപ് എന്ന അനുഗ്രഹീത ഗായിക. കുട്ടിത്തം നിറഞ്ഞ കണ്ണുകളും താളപ്പിഴകളില്ലാതെ ഒഴുകുന്ന സംഗീതവുമാണ് പുണ്യയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. ഇന്ന് സിനിമാ പിന്നണി ഗാനരംഗത്തിന്റെ പടിവാതില്‍ക്കലാണ് പുണ്യ എത്തിനില്‍ക്കുന്നത്. എന്നാല്‍ അതിനു പിന്നില്‍ ഒരു മലയോളം സങ്കടങ്ങളുടെ കണ്ണുനീരിന്റെ കഥ പറയാനുണ്ട് ഇന്ന് 19കാരിയായ ഈ പെണ്‍കുട്ടിയ്ക്ക്.

പുണ്യയ്ക്ക് രണ്ടു വയസുള്ളപ്പോഴാണ് അച്ഛന്‍ പ്രദീപ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ഇതോടെ ചേച്ചി പൂജയും പുണ്യയും അമ്മ പദ്മയും തനിച്ചായി. രണ്ടു പെണ്‍മക്കളേയും കൊണ്ട് ജീവിക്കാന്‍ പാടുപെടുന്നതിനായി അച്ഛന്റെ  വീട്ടില്‍ നിന്ന് മൂവരെയും പുറത്താക്കി. പിന്നെ കുറച്ചു നാള്‍ അമ്മയുടെ വീട്ടിലായിരുന്നു ജീവിതം. എന്നാല്‍ അവിടെയും ബാധ്യതയായി തുടങ്ങിയതോടെ അമ്മ സമീപത്തുള്ള കറി പൗഡര്‍ ഫാക്ടറിയില്‍ ജോലിക്കു പോയിത്തുടങ്ങി. ഏഴ് വര്‍ഷത്തോളം അമ്മ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം സ്വരുക്കൂട്ടിയാണ് ഒരു ചെറിയ വീട് വാങ്ങിയത്.

അക്കാലത്ത് വീടിന് അടുത്തുള്ള ചേച്ചിയെ സംഗീതം പഠിപ്പിക്കാന്‍ ഒരു മാഷ് എത്തിയിരുന്നു. പാട്ടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പുണ്യയും ആ സമയം നോക്കി അവിടെ ചെല്ലും. അങ്ങനെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ കേട്ടു പഠിച്ചത്. എന്നാല്‍ ആ പഠനം അധികം നീണ്ടില്ല. അവര്‍ അവിടം വിട്ടു പോയതോടെ സംഗീത പഠനവും മുടങ്ങി. വീട്ടിലെ ദാരിദ്ര്യം മൂലം സംഗീതം പഠിക്കാന്‍ കഴിയുമായിരുന്നില്ല.

അതിനിടെയാണ് വിധി വീണ്ടും വില്ലനായി എത്തിയത്. ജോലിക്കു പോയി മടങ്ങും വഴി അമ്മ വീണു പരുക്കേറ്റു കിടപ്പിലായി. ഇതോടെ വീണ്ടും ജീവിതം ഇരുട്ടിലായി. കുഞ്ഞിലേ അച്ഛനില്ലാത്തത് വലിയ സങ്കടമായിരുന്നു. അച്ഛന്റേയും അമ്മയുടേയും തണല്‍ ഒരുപോലെ കിട്ടുന്ന കൂട്ടുകാരെ കാണുമ്പോള്‍ സങ്കടം അണപൊട്ടും. എനിക്കു മാത്രം ആരും ഇല്ലല്ലോ എന്ന തോന്നലാണ് കുട്ടിക്കാലത്ത് പുണ്യയെ ഏറ്റവും അധികം തളര്‍ത്തിയത്.

അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് പുതിയൊരു ജീവിതം ലഭിക്കുന്നത്. വീട്ടുകാര്‍ തന്നെ കൊണ്ടുവന്ന കല്യാണാലോചന. അങ്ങനെ വിവാഹം നടന്നു. ബികാഷ് എന്നാണ് അച്ഛന്റെ പേര്. ജീവിതത്തിലെ വേദനകളുടെ കാലം അവിടെ കഴിയുകയായിരുന്നു. ബികാഷാണ് പുണ്യയുടെ പാട്ടിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞതും സംഗീതം പഠിക്കാന്‍ അയച്ചതും. അങ്ങനെ യാതൊരു വേര്‍തിരിവുമില്ലാതെ സ്വന്തം മക്കളെ പോലെയാണ് പുണ്യയേയും ചേച്ചിയേയും അദ്ദേഹം നോക്കിയത്. തന്റെ പേരിനൊപ്പമുള്ള 'പ്രദീപ്' എന്ന പേരും അച്ഛനേയും കാണുമ്പോള്‍ പലരും കണ്‍ഫ്യൂഷനടിക്കാറുണ്ട്. അവരോടൊക്കെ അഭിമാനത്തോടെയാണ് പുണ്യ പറയാറുള്ളത് ഇതെന്റെ അച്ഛനാണെന്ന്. അത്രയ്ക്ക് കരുതലോടെയാണ് അദ്ദേഹം ആ കുടുംബത്തെ നോക്കുന്നത്. ബികാഷ് ഫൊട്ടോഗ്രാഫറാണ്. സ്റ്റുഡിയോയും ഉണ്ട്.

സ്‌കൂള്‍ കലോത്സവങ്ങളിലടക്കം സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള പുണ്യയുടെ ജീവിതം മാറിമറിഞ്ഞത് സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായതോടെയാണ്. റിയാലിറ്റി ഷോയിലേക്ക് മത്സരാര്‍ത്ഥികളെ ക്ഷണിച്ചു കണ്ടപ്പോള്‍ ഒരു കൈ നോക്കാമെന്ന് തോന്നി. വീട്ടുകാരുടേയും സുഹൃത്തുക്കളുടേയും പിന്തുണ കൂടി ലഭിച്ചതോടെ രണ്ടും കല്‍പ്പിച്ചിറങ്ങി. മുന്‍പ് പല റിയാറ്റിഷോകളിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഭാഗ്യം തുണച്ചിരുന്നില്ല. പക്ഷേ സരിഗമപയുടെ ഫൈനല്‍ ഓഡിഷന്‍ വരെയെത്താന്‍ സാധിച്ചു. ആയിരക്കണക്കിന് പാട്ടുകാര്‍ സ്വപ്നം കാണുന്ന വേദിയിലേക്ക് മത്സരാര്‍ഥികളില്‍ ഒരാളായി പുണ്യയുമെത്തി.

അതിനെല്ലാമുപരി ഗായിക സുജാതയുടെയും സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെയും ഷാന്‍ റഹ്മാന്റെയും എല്ലാം മുന്നില്‍ നിന്ന് പാടാനും ഭാഗ്യം കിട്ടി. ഷോയില്‍ അതിഥിയായി ഭാവന എത്തിയ എപ്പിസോഡിലാണ് തന്റെ കഥകള്‍ മുഴുവന്‍ പുണ്യ ആരാധകര്‍ക്കു മുന്നില്‍ പങ്കുവച്ചത്. അങ്ങനെയാണ് ഗോപി സുന്ദറിന്റെ മാനസപുത്രിയായി മാറുന്നതും. ഇപ്പോള്‍ കോഴിക്കോട് ദേവഗിരി കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്സി സുവോളജി വിദ്യാര്‍ത്ഥിനിയാണ് പുണ്യ. ചേച്ചി പൂജ ബികോമിനും പഠിക്കുകയാണ്. ആരുമറിയാതെ ഒന്നുമാകാതെ പോകുമായിരുന്ന ഒരു കുട്ടിയാണ് ഇന്ന് ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്കു മുന്നില്‍ നിന്ന് പാട്ടു പാടുകയും ആയിരങ്ങളുടെ പ്രശംസ നേടുകയും ചെയ്യുന്നത്.

Gopi Sundar With Punya Pradeep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES