മലയാളികള്‍ക്ക് ഏറെ പരിചിതമായ ടെലിവിഷന്‍ ഷോപരമ്പരയാണ് എം80 മൂസ. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മി മലയാളികള്‍ക്ക് സുപരിചിതയായത് എം80 മൂസയിലൂടെയായിരുന്നു. എം80 മൂസയുടെ മകള്‍ റസിയയും മലയാളികളുടെ പ്രിയ താരമാണ്.. മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിക്കുന്നത് കോഴിക്കോട് സ്വദേശി അഞ്ജു പണ്ടിയടത്ത് ആണ്. ഇപ്പോള്‍ അഞ്ജു കൈവരിച്ച ഒരു നേട്ടത്തിന്റെ കഥയാണ് സുരഭി പങ്കുവച്ചിരിക്കുന്നത്. അഭിനയത്തിന് പുറമേ പഠനത്തിനും സമയം കണ്ടെത്തിയ അഞ്ജു ഇന്നലെ എയര്‍ ഹോസ്റ്റസ്സായി ജോലി തുടങ്ങിയിരിക്കയാണ്.
എം80 മൂസയുടെ ഭാഗമായ ശേഷം ദുബായിലേക്ക് ഒരു സ്റ്റേജ് പരിപാടിക്കായി നടത്തിയ യാത്രയിലാണ് എയര്‍ഹോസ്റ്റസ് ആവണമെന്ന ആഗ്രഹം അഞ്ജുവിനുദിച്ചത്. ബിരുദപഠനത്തിനു ശേഷം എയര്‍ഹോസ്റ്റസ് പഠനവും പൂര്‍ത്തിയാക്കിയ അഞ്ജുവിന് എയര്‍ഇന്ത്യയിലാണ് ജോലി ലഭിച്ചത്. ഇന്നലെ മുംബൈയില്‍നിന്ന് ഷാര്‍ജയിലേക്കുള്ള വിമാനത്തിലാണ് ആദ്യമായി അഞ്ജു എയര്‍ഹോസ്റ്റസായി കയറിയത്.
അഞ്ജു എയര്‍ഹോസ്റ്റസ്സായ സന്തോഷം എം80 മൂസയില്‍ റസിയയുടെ അമ്മയായി അഭിനയിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സുരഭി ലക്ഷ്മിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എം80 മൂസയില്‍ എന്റെ മകളായി അഭിനയിച്ച റസിയ. അഞ്ജു ആദ്യമായി ദുബായില്‍ പ്രോഗ്രാമിന് പോയപ്പോള്‍ എയര്‍ഹോസ്റ്റസിനെ കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയ ആഗ്രഹമായിരുന്നു ഒരു എയര്‍ഹോസ്റ്റസ് ആകുക എന്നത്. അതിന് വേണ്ടി അവള്‍ കഠിന പ്രയത്‌നം നടത്തി പഠിച്ചു എയര്‍ഹോസ്റ്റസ് ആയി. എയര്‍ ഇന്ത്യയില്‍ ജോലിയും കിട്ടി. ഇന്നലെ അവള്‍ ആദ്യത്തെ ഔദ്യോഗിക പറക്കല്‍ മുംബൈയില്‍ നിന്നും ഷാര്‍ജയിലേക്ക് പറന്നപ്പോള്‍ അഭിമാന നിമിഷം ആയിരുന്നു എനിക്കും. സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കുക എന്നത് എല്ലാവര്‍ക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ. അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.